കൊച്ചി: സ്വർണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജൂലായ് 31 വരെ യു.ഡി.എഫ് പ്രഖ്യാപിച്ചിരുന്ന സമര പരിപാടികൾ മാറ്റിവച്ചതായി കൺവീനർ ബെന്നി ബഹനാൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഹൈക്കോടതി വിധി മാനിച്ചും കൊവിഡ് വ്യാപനം കണക്കിലെടുത്തുമാണിത്. വിദ്യാർത്ഥി - യുവജന സംഘടനകളുടെ സമരങ്ങളും മാറ്റിവയ്ക്കും.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മറയാക്കി രക്ഷപ്പെടാൻ ശ്രമിക്കുന്ന മുഖ്യമന്ത്രിയുടെ രാജിയല്ലാതെ മറ്റൊരു ഒത്തുതീർപ്പിനും യു.ഡി.എഫ് തയ്യാറല്ല. നിയമസഭയിൽ അവിശ്വാസപ്രമേയത്തിലൂടെ സർക്കാരിന്റെ കള്ളക്കടത്ത് ബാന്ധവം തുറന്നു കാട്ടും. മുൻ ഐ.ടി ഫെലോ അരുൺ ബാലചന്ദ്രന് പുറമെ, സെക്രട്ടേറിയറ്റിനു സമീപമുള്ള വിവാദ ഫ്ലാറ്റുമായി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് ജയകുമാറിനും ബന്ധമുണ്ട്. സ്വർണക്കള്ളക്കടത്ത് ഗൂഢാലോചനയിൽ അദ്ദേഹത്തിന്റെ പങ്കും അന്വേഷിക്കണം. സംസ്ഥാനത്തെ എല്ലാ തട്ടിപ്പുകളും നടന്നത് ഐ.ടി വകുപ്പ് വഴിയാണ്. ഐ.ടി വകുപ്പിനെ ദുർനടത്തക്കാരുടെ വകുപ്പായി തരംതാഴ്ത്തി. മുഖ്യമന്ത്രി ആരോപിക്കും പോലെ നാവിന് എല്ലില്ലാത്തതു കൊണ്ടല്ല, നട്ടെല്ല് വളയാത്തതുകൊണ്ടാണ് പ്രതിപക്ഷം ആരോപണങ്ങൾ ഉന്നയിക്കുന്നത്.
സ്വപ്ന വിളിച്ചാൽ ഓടിച്ചെല്ലാൻ മന്ത്രി കെ.ടി. ജലീൽ വെറും കണക്കപ്പിള്ളയല്ല. ഏത് കോൺസുലേറ്റ് എന്ത് സഹായം നൽകിയാലും അത് രാജ്യങ്ങൾ തമ്മിലുള്ള ഇടപാടാണ്. സംസ്ഥാന മന്ത്രിയെയല്ല, വിദേശകാര്യ സെക്രട്ടറി തലത്തിലാണ് കോൺസുലേറ്റ് ഇത്തരം കാര്യങ്ങൾ അറിയിക്കേണ്ടത്. മറ്റൊരു രാജ്യത്തിന്റെ പതാക ആലേഖനം ചെയ്ത കിറ്റ് സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസിൽ വിതരണം ചെയ്തത് ഗുരുതരമായ ചട്ടലംഘനമാണെന്നും ബെന്നി ബഹനാൻ പറഞ്ഞു.