മൂവാറ്റുപുഴ: കൊവിഡ് -19 വ്യാപനം തടയുന്നതിന്റെ ഭാഗമായി പൊതുഗതാഗത വാഹനങ്ങളായ പുതിയ ഓട്ടോറിക്ഷ , ടാക്സി, ബസുകൾ തുടങ്ങിയ വാഹനങ്ങളുടെ ഡ്രെെവർ ഇരിക്കുന്ന ഭാഗവും യാത്രക്കാരുടെ ഭാഗവും തമ്മിൽ വേർതിരിക്കുന്ന അക്രലിക് പാർട്ടീഷൻ നിർബന്ധമാക്കും. വാഹനങ്ങൾ ഫിറ്റ്നസ് പരിശോധനക്ക് ഹാജരാക്കുന്ന വേളയിൽ ഇതും പരിശോധനാവിധേയമാക്കുന്നതാണ്. ഇതു കൂടാതെ ഡ്രെെവർമാരും ജീവനക്കാരും വാഹനങ്ങൾ ഓടിക്കുമ്പോഴും അല്ലാത്തപ്പോഴും മാസ്ക് ധരിക്കേണ്ടതും കെെകഴുകി വൃത്തിയാക്കി സൂക്ഷിക്കേണ്ടതുമാണ്. ടാക്സി വാഹനങ്ങളിൽ ഏ.സി ഉപയോഗിക്കാൻ പാടില്ലാത്തതും വിൻഡോഗ്ലാസ് എപ്പോഴും താഴ്ത്തി ഇടേണ്ടതുമാണ് . വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരുടെ പേര്, സ്ഥലം, ഫോൺ നമ്പർ എന്നിവ അടങ്ങുന്ന ഒരു പുസ്തകം സൂക്ഷിക്കേണ്ടതാണ്. ടാക്സി വാഹനങ്ങലുടെ മുൻ സീറ്റിൽ യാത്രക്കാരെ അനുവദിക്കുന്നതല്ല. ഫിറ്റ്നസ് പരിശോധനക്ക് കൊണ്ടുവരുന്ന വാഹനങ്ങളിൽ സ്വകാര്യപാർട്ടീഷൻ ഉണ്ടെന്ന്ഉറപ്പ് വരുത്തേണ്ടതാണെന്നും മൂവാറ്റുപുഴ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.