കൊച്ചി: ഹൈക്കോടതി ഉത്തരവു പ്രകാരം പാലാരിവട്ടം ഫ്ളൈ ഓവറിൽ ഭാരപരിശോധന നടത്തുന്നതിനും പരിശോധനാഫലം അനുകൂലമെങ്കിൽ ചെന്നൈ ഐ.ഐ.ടി നിർദേശിച്ച അറ്റകുറ്റപണികൾ പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതിനും സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി തടസമല്ലെന്ന് കേരളാ ഗവൺമെന്റ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ അറിയിച്ചു. സർക്കാർ നൽകിയ ഹർജി എപ്പോൾ വേണമെങ്കിലും പിൻവലിക്കാം. ഭാരപരിശോധനയ്ക്കും ( ലോഡ് ടെസ്റ്റ് ) അറ്റകുറ്റപ്പണികൾക്കും പരമാവധി മൂന്നു മാസം മതി. ചെലവ് പൂർണമായും വഹിക്കാമെന്ന് കരാറുകാർ അറിയിച്ചിട്ടുണ്ട്. സുപ്രീം കോടതിയിലെ കേസ് മറയാക്കി പാലം തുറക്കൽ വൈകിപ്പിക്കുന്നത് മന:പൂർവമാണ്. ഇതിന് രാഷ്ട്രീയ ലക്ഷ്യങ്ങളുമുണ്ട്.സർക്കാർ പിടിവാശി ഉപേക്ഷിക്കണമെന്ന് ഗവ.കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി പറഞ്ഞു.പണി പൂർത്തിയായി നാലു വർഷം കഴിഞ്ഞ് രൂപകല്പനയെക്കുറിച്ചും നിർമ്മാണ രീതിയെക്കുറിച്ചും റിപ്പോർട്ടുണ്ടാക്കുന്നത് ബാലിശമാണ്. ടെൻഡറിനു മുമ്പ് രൂപകല്പന പരിശോധിച്ച് അംഗീകാരം നൽകുന്നതിനും കാര്യക്ഷമമായ മേൽനോട്ടത്തിനും ഉപരിതല ഗതാഗത മന്ത്രാലയവും ദേശീയപാതാ അതോറിറ്റിയും ബാദ്ധ്യസ്ഥമായിരുന്നു.പാലവുമായി ബന്ധപ്പെട്ട അടിസ്ഥാനരഹിതമായ കാര്യങ്ങൾ ഉയർത്തുന്നത് വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണെന്ന് സംശയിക്കുന്നതായി അസോസിയേഷൻ വാർത്താക്കുറിപ്പിൽ ആരോപിച്ചു.