കൊച്ചി: പെരുമഴയിൽ കീം ( കേരള എൻജിനീയറിംഗ് അഗ്രികൾച്ചർ മെഡിക്കൽ എൻട്രൻസ് എക്സാം) പ്രവേശന പരീക്ഷയ്ക്കായി ഒരുക്കിയ സുരക്ഷ ഒഴുകിപ്പോയി. ജില്ലയിൽ 38 പരീക്ഷാ കേന്ദ്രങ്ങളാണ് ക്രമീകരിച്ചിരുന്നത്. രാവിലെ ശരീരോഷ്മാവ് പരിശോധനയടക്കം നടത്തി കർശന സുരക്ഷയിലാണ് വിദ്യാർത്ഥികളെ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് കടത്തിവിട്ടത്. എന്നാൽ വൈകിട്ട് പെയ്ത പെരുമഴ എല്ലാം താളം തെറ്റിച്ചു. കുടയുമായി രക്ഷിതാക്കൾ സ്കൂളുകളിലേക്ക് പ്രവേശിച്ചതാണ് സാമൂഹിക അകലം കൈവിട്ടു പോകാൻ കാരണം. വിദ്യാർത്ഥികൾ പുറത്തിറങ്ങാനും ബുദ്ധിമുട്ടി. പരീക്ഷാ കേന്ദ്രങ്ങളിലും പൊലീസിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. എന്നാൽ നിയന്ത്രണം ഏറ്റെടുക്കാൻ മടിച്ചു. പരീക്ഷയ്ക്ക് മുമ്പും ശേഷവും ഫയർ ഫോഴ്സ് കേന്ദ്രങ്ങൾ അണുവിമുക്തമാക്കി. കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്നുള്ളവർക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും പ്രത്യേക മുറി സജ്ജീകരിച്ചിരുന്നു. രക്ഷിതാക്കൾക്ക് വിശ്രമിക്കാൻ പരീക്ഷാ കേന്ദ്രത്തിന് പുറത്താണ് സൗകര്യം ഒരുക്കിയത്. 337 സന്നദ്ധപ്രവർത്തകരാണ് പരിശോധനയ്ക്കായി നിയോഗിച്ചിരുന്നത്.

അധിക സർവീസ് നടത്തി

കെ.എസ്.ആർ.ടി.സി

കീം പരീക്ഷയ്ക്കായി കെ.എസ്.ആർ.ടി.സി എറണാകുളം ഡിപ്പോയിൽ നിന്ന് എട്ടു അധിക സർവീസുകൾ നടത്തി. തൃശൂർ, ആലപ്പുഴ, കോട്ടയം, തൊടുപുഴ എന്നിവിടങ്ങളിലേക്ക് റിലേ സർവീസുകളും ഉണ്ടായിരുന്നു. ആലുവ ഡിപ്പോ അടഞ്ഞു കിടിക്കുന്നതിനാൽ ആലുവ, തൃപ്പൂണിത്തുറ ഭാഗത്തേക്കും സർവീസ് നടത്തിയതായി എറണാകുളം ഡി.ടി.ഒ. വി.എം താജുദ്ദീൻ പറഞ്ഞു. പുത്തോട്ട, ഉദ്യോഗമണ്ഡൽ എന്നിവിടങ്ങളിലേക്കും ആന വണ്ടി ഓടി.


പേടി ഉണ്ടായിരുന്നു
കൊച്ചി നഗരത്തിലേക്ക് പരീക്ഷയെഴുതാൻ വരാൻ പേടിയുണ്ടായിരുന്നു. ഇത്രയും നാൾ കഷ്ടപ്പെട്ട് പഠിച്ചതിനാൽ പെരുമ്പാവൂരിൽ നിന്ന് അപ്പച്ചനോടൊപ്പം ഓട്ടോയ്ക്കാണ് എറണാകുളം എസ്.ആർ.വി സ്കൂളിൽ എത്തിയത്. സ്‌കൂളിലെ തിരക്ക് കണ്ട് പേടി ഇരട്ടിയായി.സാനിറ്റൈസറും മാസ്‌കുമൊക്കെ കൃത്യമായി ഉപയോഗിച്ചിരുന്നു.

ആൻ മരിയ
പെരുമ്പാവൂർ