ആലുവ: ആലുവ പച്ചക്കറി മാർക്കറ്റിനെ കൊവിഡ് ക്ളസ്റ്ററായി പ്രഖ്യാപിക്കുകയും നഗരം മുഴുവൻ കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിക്കുകയും ചെയ്തതതോടെ ആലുവയിൽ രാഷ്ട്രീയ ആരോപണ - പ്രത്യാരോപണങ്ങൾ ശക്തമായി. നഗരസഭ ഭരിക്കുന്ന കോൺഗ്രസിനെതിരെ എൽ.ഡി.എഫും ഇരുമുന്നണികൾക്കുമെതിരെ ബി.ജെ.പിയും രംഗത്തെത്തുന്ന സാഹചര്യമാണ്.
കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിച്ചിട്ട് ഒമ്പതാം ദിവസത്തിലേക്ക് കടന്നതോടെ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത കുറയുകയും ലഭ്യമായവക്ക് കടയുടമകൾ അമിത വില ഈടാക്കുകയും ചെയ്തതോടെയാണ് മുന്നണികളുടെ ആരോപണങ്ങളും ശക്തമായത്. കച്ചവട സ്ഥാപനങ്ങൾ എന്ന് തുറക്കാനാകുമെന്ന് പ്രഖ്യാപിക്കാത്തതാണ് മുഖ്യപ്രശ്നം.
നഗരസഭക്ക് ഗുരുതര വീഴ്ച്ചയെന്ന് സി.പി.എെ
നഗരസഭയുടെ വീഴ്ച്ചയാണ് ഇന്നത്തെ പ്രതിസന്ധിക്കെല്ലാം കാരണമെന്ന് സി.പി.എെ ഏരിയ സെക്രട്ടറി എ.പി. ഉദയകുമാർ. പച്ചക്കറി മത്സ്യ മാർക്കറ്റുകൾ ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങൾ കർശന നിയന്ത്രണത്തോടെ തുറക്കണം. വ്യാപാര സ്ഥാപനങ്ങളിലേക്ക് രാത്രി സാധനങ്ങൾ എത്തിച്ചും മാർക്കറ്റിനെ രണ്ട് സോണുകളായി തിരിച്ച് ഒന്നിടവിട്ട ദിവസങ്ങളിൾ ഉച്ചവരെ തുറക്കാനും അനുവദിക്കണമെന്നാണ് ആവശ്യം.
വെല്ലുവിളിയെന്ന് ഒരു വിഭാഗം കൗൺസിലർമാർ
കൊവിഡിന്റെ ഉറവിടം മാർക്കറ്റാണെന്ന് വ്യക്തമായിട്ടും രോഗികളില്ലാത്ത വാർഡുകളും അടച്ചിട്ടിരിക്കുകയാണെന്ന് ബി.ജെ.പി കൗൺസിലർ എ.സി. സന്തോഷ് കുമാർ, സ്വതന്ത്ര കൗൺസിലർമാരായ സെബി വി. ബാസ്റ്റ്യൻ, കെ. ജയകുമാർ, കെ.വി. സരള തുടങ്ങിയവർ ആരോപിച്ചു.
ആരോപണം രാഷ്ട്രീയപ്രേരിതം: ചെയർപേഴ്‌സൺ
നഗരസഭയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പരാജയപ്പെട്ടെന്ന ആരോപണം രാഷ്ട്രീയ പ്രേരിതവമാണെന്ന് ചെയർപേഴ്‌സൺ ലിസി എബ്രഹാം പറഞ്ഞു. സർക്കാർ നിർദ്ദേശങ്ങൾക്ക് അനുസരിച്ചാണ് പ്രവർത്തിച്ചത്. മന്ത്രി വി.എസ്. സുനിൽകുമാറിന്റെ സാന്നിദ്ധ്യത്തിലെടുത്ത തീരുമാനങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. അന്യ സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും വന്നവരുമായി സമ്പർക്കമുള്ളവർ കൊവിഡ് മാനദണ്ഡം പാലിക്കാതെ ജോലിചെയ്യുന്നതാണ് രോഗ വ്യാപനത്തിനിടയാക്കിയതെന്നും ചെയർപേഴ്‌സൺ പറഞ്ഞു.
മൊത്ത വ്യാപാര സ്ഥാപനങ്ങൾ
ആഴ്ച്ചയിൽ രണ്ട് ദിവസം തുറക്കാം
ആലുവ ജനറൽ മാർക്കറ്റിലെ മൊത്തവ്യാപാര സ്ഥാപനങ്ങൾ ഉപാധികളോടെ ആഴ്ച്ചയിൽ രണ്ട് ദിവസം തുറക്കാൻ തീരുമാനം. രണ്ട് സോണുകളാക്കി തിരിച്ചാണ് തുറക്കുക. വലതുവശത്തെ കച്ചവടക്കാർ ബുധനാഴ്ച്ചയും ഇടതു ഭാഗത്തെ കച്ചവടക്കാർ ശനിയാഴ്ച്ചയുമാണ് സ്ഥാപനങ്ങൾ തുറക്കുക.
രാവിലെ ആറ് മുതൽ 11 വരെയാണ് തുറക്കാൻ അനുവദിച്ചിട്ടുള്ളത്. എന്നാൽ ആഴ്ചയിൽ ഒരു ദിവസം മാത്രമെ ചരക്കുകൾ ഇറക്കാൻ അനുവധിക്കൂ.
നിലവിൽ വ്യാപാര സ്ഥാപനങ്ങളിലുള്ള കാലിത്തീറ്റ ഉൾപ്പടെ നാശം സംഭവിക്കാൻ സാധ്യതയുള്ളവ ഇന്നും നാളെയുമായി നീക്കാം. പുലർച്ചെ അഞ്ചു മുതൽ ഒൻപതു വരെ സമയം വിനിയോഗിക്കാം.കണ്ടെയ്ൻമെന്റ് സോണുകളായ ആലുവ നഗരസഭ, കീഴ്മാട് പഞ്ചായത്ത് പ്രദേശങ്ങളിലെ ചെറുകിട കച്ചവടക്കാർക്ക് ഓൺലൈൻ മുഖേന ഓർഡർ ശേഖരിച്ച് സാധനങ്ങൾ എത്തിച്ച് നൽകാം.