കൊച്ചി: കൊവിഡ് ആശങ്ക അനുദിനം വർദ്ധിച്ചുവരുന്ന എറണാകുളത്ത് കോർപ്പറേഷന്റെ നേതൃത്വത്തിൽ രണ്ട് കേന്ദ്രങ്ങളിലായി 200 കിടക്കകൾ വീതമുള്ള ഫസ്റ്റ്‌ലെവൽ ട്രീറ്റ്‌മെന്റ് സെന്ററുകൾ ആരംഭിക്കും. മട്ടാഞ്ചേരി ടൗൺഹാളും പള്ളുരുത്തി കമ്മ്യൂണിറ്റി ഹാളുമാണ് ചികിത്സ കേന്ദ്രങ്ങളാകുന്നത്. ഒരാഴ്ചക്കകം രണ്ടും പ്രവർത്തന സജ്ജമാക്കാനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞതായി ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേമകുമാർ പറഞ്ഞു. കിടക്കകളും അത്യാവശ്യം വേണ്ട മറ്റ് സൗകര്യങ്ങളും ഒരുക്കാനുള്ള ശ്രമത്തിലാണ്. അത് ഉടൻ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
സമീപത്തെ ഹെൽത്ത് സെന്റർ, താലൂക്ക് ആശുപത്രി എന്നിവയുമായി സഹകരിച്ചാവും ഫസ്റ്റ് ലെവൽ ട്രീറ്റ്‌മെന്റ് സെന്റർ പ്രവർത്തിക്കുക. രോഗികളുടെ എണ്ണം ഓരോദിവസവും വർദ്ധിക്കുന്ന സാഹചര്യത്തിൽ എത്രയും വേഗം പ്രവർത്തനം തുടങ്ങാനാണ് ശ്രമിക്കുന്നത്. കൊവിഡ് പോസിറ്റീവ് ആകുന്നവരെയാണ് ഇവിടെ പ്രവേശിപ്പിക്കുക. ഗുരുതരാവസ്ഥയിലുള്ളവരെ കൊവിഡ് ഹോസ്പിറ്റലായ എറണാകുളം മെഡിക്കൽകോളജിലേക്ക് മാറ്റും. ഓരോ ഡിവിഷനിലും ഇത്തരത്തിലുള്ള കേന്ദ്രങ്ങൾ കണ്ടെത്തുന്നതിന് കൗൺസിലർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കോർപ്പറേഷൻ പരിധിയിലെ എല്ലാ മാർക്കറ്റുകളിലും പരിശോധന ആരംഭിച്ചുകഴിഞ്ഞു.