കൊച്ചി: നയതന്ത്ര ചാനലിലൂടെയുള്ള സ്വർണക്കടത്തിൽ യു.എ.ഇ കോൺസുലേറ്റ് അറ്റാഷെ റാഷിദ് ഖാമിസിന് പങ്കുണ്ടെന്ന് അറസ്‌റ്റിലായ സരിത്ത് കസ്‌റ്റംസിനോട് വെളിപ്പെടുത്തി. കസ്‌റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ രാമമൂർത്തി തടഞ്ഞുവച്ച ബാഗേജ് വാങ്ങാൻ റാഷിദിനൊപ്പമാണ് രണ്ടുതവണയും വിമാനത്താവളത്തിലെത്തിയത്. പിടിക്കപ്പെട്ടതോടെ സ്വർണക്കടത്ത് തന്റെയും സ്വപ്‌നയുടെയും തലയിൽവച്ച് രക്ഷപ്പെടാനാണ് റാഷിദിന്റെ ശ്രമം. വിമാനത്താവളത്തിൽ ബാഗേജ് തടഞ്ഞതോടെ തന്നെയും സ്വപ്‌നയെയും പലതവണ റാഷിദ് വിളിച്ചിരുന്നെന്നും സരിത്ത് പറഞ്ഞു.
മുഴുവൻ വിവരങ്ങളും അയാൾക്കറിയാം. റാഷിദിന്റെ പിന്തുണയുള്ളതിനാൽ പിടിക്കപ്പെടുമെന്ന് കരുതിയില്ല. ഹവാല ഇടപാടിലൂടെ ദുബായിൽ പണമെത്തുന്നതോടെ സ്വർണം അയയ്ക്കും. യു.എ.ഇയിലേക്ക് നേരത്തേ മടങ്ങിയ യു.എ.ഇ കോൺസുലേറ്റ് ജനറലിനും സ്വർണക്കടത്തിനെക്കുറിച്ച് അറിയാം.
സ്വർണക്കടത്തിന് ഇതുവരെ 70 കോടിയിലധികം രൂപ സമാഹരിച്ചു. അറസ്റ്റിലായ റെമീസ്, ജലാൽ, അംജത് അലി, സന്ദീപ് നായർ എന്നിവരടങ്ങുന്ന സംഘമാണ് അതിന് ചുക്കാൻപിടിച്ചത്. സ്വർണം വിൽക്കാൻ ചില ജുവലറികളുമായി ജലാൽ കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. ഒരു കടത്ത് കഴിയുമ്പോൾ സ്വപ്‌നയ്ക്കും തനിക്കും അഞ്ചു ലക്ഷത്തിന് മുകളിൽ കമ്മിഷൻ ലഭിച്ചിരുന്നു.
നയതന്ത്ര ചാനലിലൂടെയായതിനാൽ ഒരിക്കലും പിടിക്കില്ലെന്ന് പറഞ്ഞാണ് ജലാൽ പലരിൽ നിന്നും പണം സമാഹരിച്ചത്. ഒരുമാസം പത്തിലധികം തവണ നയതന്ത്ര ചാനലിലൂടെ സ്വർണം പുറത്തുവന്നു. അവസാനം പിടികൂടിയ 30 കിലോ സ്വർണം കടത്താൻ മാത്രം ഒമ്പതു കോടി രൂപ സമാഹരിച്ചു.
ജുവലറി ഉടമ ഉൾപ്പെടെ
മൂന്നു പേർ അറസ്‌റ്റിൽ
സ്വർണം കടത്താൻ പണം മുടക്കുകയും സ്വർണം വാങ്ങുകയും ചെയ്‌ത ജുവലറി ഉടമ ഉൾപ്പെടെ മൂന്നുപേരെ കസ്‌റ്റംസ് അറസ്‌റ്റുചെയ്‌തു. മലപ്പുറം സ്വദേശികളായ മഞ്ചേരി കൊമ്മക്കുളം തരമാണിൽ ടി.എം. മുഹമ്മദ് അൻവർ (43), വേങ്ങര പറമ്പിൽപ്പടി എടകണ്ടൻ വീട്ടിൽ ഇ. സെയ്ദ് അലവി (60), കോഴിക്കാേട് എലത്തൂർ നെടിയറമ്പത്ത് റസിയ മൻസിസലിൽ ടി.എം. ഷംജു (40) എന്നിവരാണ് പിടിയിലായത്. മലപ്പുറം എസ്.എസ് ജുവലറി ഉടമയായ ഷംജു ഒട്ടേറെ തവണ റെമീസ്, ജലാൽ സംഘങ്ങളിൽ നിന്ന് സ്വർണം വാങ്ങി. മുഹമ്മദ് അൻവറും സെയ്ദ് അലവിയും സ്വർണക്കടത്തിന് പണം നിക്ഷേപിച്ചവരാണ്. ഇവരെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സാമ്പത്തിക കുറ്റവിചാരണയുടെ ചുമതലയുള്ള എറണാകുളത്തെ അഡി. സി.ജെ.എം കോടതിയാണ് റിമാൻഡ് ചെയ്തത്. നയതന്ത്ര ചാനൽ വഴിയുള്ള കള്ളക്കടത്തു കേസിൽ കസ്റ്റംസ് അറസ്റ്റുചെയ്ത പി.എസ്. സരിത്തിനെ ചോദ്യം ചെയ്തതിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ചാണ് മറ്റു പ്രതികളെ അറസ്റ്റുചെയ്തതെന്ന് കസ്റ്റംസ് കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.