കൊച്ചി : മ്ളാമല പഞ്ചായത്തിൽ പ്രളയത്തിൽ തകർന്ന രണ്ടു പാലങ്ങൾ പുനർനിർമ്മിക്കണമെന്നാവശ്യപ്പെട്ട് സ്കൂൾ കുട്ടികൾ ഹൈക്കോടതിക്ക് എഴുതിയ കത്ത് ഫലം കണ്ടു. ഇരുപാലങ്ങളും 18 മാസത്തിനുള്ളിൽ പുനർനിർമിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഇടുക്കി വണ്ടിപ്പെരിയാർ പഞ്ചായത്തിലെ മ്ളാമല സെന്റ് ഫാത്തിമ സ്കൂളിലെ കുട്ടികളാണ് കഴിഞ്ഞവർഷത്തെ പ്രളയത്തിൽ തകർന്ന കീരിക്കരപ്പാലം, ശാന്തിപ്പാലം എന്നിവ പുനർനിർമ്മിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ജഡ്ജിമാർക്ക് കത്തെഴുതിയത്. ഏതാനും മാസങ്ങൾക്ക് മുമ്പ് കുട്ടികളെഴുതിയ കത്ത് ഹൈക്കോടതി സ്വമേധയാ ഹർജിയായി പരിഗണിക്കുകയായിരുന്നു.

കീരിക്കര പാലം ബ്രിട്ടീഷുകാരുടെ കാലത്ത് നിർമ്മിച്ചതാണ്. പ്രളയത്തിൽ ഒരുപാലത്തിന്റെ അപ്രോച്ച് റോഡ് ഒലിച്ചുപോയെന്നും പാലങ്ങൾ തകർന്നതോടെ നാട്ടുകാർക്ക് ആശുപത്രിയാവശ്യങ്ങൾക്കുപോലും പോകാൻ കഴിയാത്ത സ്ഥിതിയായെന്നും കുട്ടികൾ കത്തിൽ വ്യക്തമാക്കിയിരുന്നു. പാലങ്ങൾ രണ്ടും പഞ്ചായത്തിന്റെ ഉടമസ്ഥതയിലായതിനാൽ പുനർനിർമ്മാണത്തിന്റെ ചുമതല പഞ്ചായത്താണ് ഏറ്റെടുക്കേണ്ടതെന്ന് സർക്കാർ വാദിച്ചു. എന്നാൽ ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻബെഞ്ച് കുട്ടികളുടെ കത്തിലെ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി ഉത്തരവിടുകയായിരുന്നു.

 ഹൈക്കോടതി പറയുന്നു :

പാലങ്ങൾ പുന: നിർമ്മിക്കുകയല്ലാതെ പോംവഴിയില്ല. അറ്റകുറ്റപ്പണികൾ മതിയാവില്ല. പാലങ്ങളും റോഡും പഞ്ചായത്തിന്റെ ഉടമസ്ഥതയിലാണെന്നതിന്റെ പേരിൽ സർക്കാരിന് ഉത്തരവാദിത്വത്തിൽ നിന്നൊഴിയാൻ കഴിയില്ല. ജനങ്ങൾക്ക് യാത്രാ ബുദ്ധിമുട്ടുണ്ടാവുന്നില്ലെന്ന് തദ്ദേശ ഭരണ സ്ഥാപനവും ജില്ലാ ഭ‌രണകൂടവും ഉറപ്പാക്കണം. മ്ളാമല മേഖലയിലെ കീടനാശിനികളുടെ അമിതോപയോഗത്തെക്കുറിച്ചും കുട്ടികളുടെ കത്തിൽ പറയുന്നുണ്ട്. ഇതുൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ജില്ലാ കളക്ടർ മുൻകൈയെടുക്കണം. കുട്ടികളുടെ കത്തിനെത്തുടർന്ന് മ്ളാമലയിൽ കേരള ലീഗൽ സർവീസ് അതോറിറ്റി അദാലത്ത് നടത്തി. മുല്ലപ്പെരിയാർ ഡാമിൽ നിന്ന് വെള്ളമൊഴുകി വരുന്ന പ്രദേശത്താണ് പാലങ്ങൾ സ്ഥിതി ചെയ്യുന്നത്. ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്തിൽ ഇൗ മേഖലയും ഉൾപ്പെടുന്നുണ്ട്. ഇനിയുമൊരു പ്രളയമുണ്ടായാൽ പാലങ്ങൾ പൂർണ്ണമായും തകരും. ഇവ പുന: നിർമ്മിക്കുകയാണ് വേണ്ടത്.