മൂവാറ്റുപുഴ: പൊതുജനങ്ങൾക്ക് സൗജന്യ സേവനം ലഭ്യമാക്കുന്ന ആയുർഷീൽഡ് ആയുർവേദ ഇമ്മ്യൂണിറ്റി ക്ലിനിക്ക് മൂവാറ്റുപുഴ സംവർത്തിക ആയുർവേദ ആശുപത്രിയിൽ ഡീൻ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്തു. കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആയുർവേദ ചികിത്സയിലൂടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യവുമായി ആരംഭിക്കുന്ന പദ്ധതിയാണിത്. സംസ്ഥാന തലത്തിൽ പതിനഞ്ചംഗ വിദഗ്ദ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ കേരളത്തിലുടനീളം ഒരേ പ്രോട്ടോക്കോൾ പാലിച്ചാണ് ചികിത്സകൾ നടത്തുക. മുനിസിപ്പൽ ചെയർപേഴ്‌സൺ ഉഷാ ശശിധരൻ, വാർഡ് കൗൺസിലർ സെലിൻ ജോർജ്ജ്, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സി. എസ്. അജ്മൽ, ഡോ. പ്രസന്നകുമാരി, ഡോ. പ്രതീഷ് ജി., സംവർത്തിക മാനേജിംഗ് ഡയറക്ടർ പി. ജി. സുനിൽകുമാർ എന്നിവർ സംസാരിച്ചു. എല്ലാ ചൊവ്വ, വെള്ളി ദിവസങ്ങളിലും രാവിലെ 10 മുതൽ വൈകീട്ട് 4 വരെ സൗജന്യ ക്ലിനിക്ക് പ്രവർത്തിക്കും.പരിശോധന പൂർണമായും സൗജന്യമായിരിക്കും.