വൈപ്പിൻ: മുനമ്പം പൊലീസ് സ്റ്റേഷൻ ഇനി ശിശുസൗഹൃദ പൊലീസ് സ്റ്റേഷൻ. ഇതിന്റെ ഭാഗമായി സ്റ്റേഷൻ വളപ്പിൽ പണി തീർത്ത ശിശുസൗഹൃദ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഡി.ജി.പി ലോക്‌നാഥ് ബെഹറ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. കുട്ടികൾക്കും രക്ഷിതാക്കൾക്കും ആത്മവിശ്വാസത്തോടെയും ആശങ്കകൾ ഇല്ലാതെയും സമീപിക്കാവുന്ന സൗഹൃദ കേന്ദ്രങ്ങളായി പൊലീസ് സ്റ്റേഷനുകളെ മാറ്റുക എന്നതാണ് ലക്ഷ്യം . ഇതിലൂടെ കുട്ടികൾക്ക് നേരയുള്ള അതിക്രമങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കാനും അവരുടെ അവകാശങ്ങളെയും കടമകളെയും കുറിച്ച് ബോധവാന്മാരാക്കാനും കുട്ടികളിലെ മാനസിക സമ്മർദ്ദങ്ങൾ കണ്ടെത്തി ആത്മഹത്യാ പ്രവണതകൾ ഇല്ലാതാക്കാനും കഴിയുമെന്ന് റൂറൽ പൊലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു. റൂറൽ ജില്ലയിൽ മൂന്നു സബ് ഡിവിഷനുകളിലായി മൂവാറ്റുപുഴ കുറുപ്പംപടി കുന്നത്തുനാട് അങ്കമാലി മുനമ്പം പുത്തൻകുരിശ് എന്നീ സ്റ്റേഷനുകളിൽകൂടി ഇന്നലെ ശിശുസൗഹൃദ സേവന കേന്ദ്രങ്ങൾ തുറന്നു. വീഡിയോ കോൺഫറലൻസിലൂടെ നടന്ന ഉദ്ഘാടനത്തിനുശേഷം മുനമ്പം പൊലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ വാർഡ്‌മെമ്പർ മേരിഷൈനി നാടമുറിച്ച് പ്രവേശനം നടത്തി .എസ്‌ഐ. എ.കെ. സുധീർ ശിലാഫലകം അനാച്ഛാദനം ചെയ്തു.