വൈപ്പിൻ: നിലവിൽ നാല് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള പള്ളിപ്പുറം ഗ്രാമ പഞ്ചായത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നു. പ്രവർത്തനങ്ങൾ കൂടുതൽ മികവോടെ തുടരുന്നതിന് ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന സർവകക്ഷയോഗം തീരുമാനിച്ചു. യോഗത്തിൽ പള്ളിപ്പുറം ഗ്രാമ പഞ്ചായത്തിലെ നിലവിലെ സ്ഥിതി ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പി.ജി ആന്റണി അവതരിപ്പിച്ചു. മുനമ്പം എസ്.ഐ റഷീദ് നിയമ പരിപാലന സംബന്ധിച്ച് സാഹചര്യങ്ങൾ വിശദീകരിച്ചു. പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 23 വാർഡുകളിലായി മുനമ്പം പ്രാഥമിക ആരോഗ്യ കേന്ദ്രവും മുനമ്പം പൊലീസും ഫിഷറീസ് ഫയർഫോഴ്‌സ് ഉൾപ്പെടെയുള്ള സർക്കാർ വകുപ്പുകളും ചേർന്ന് നടപ്പിലാക്കുന്ന രോഗ നിരീക്ഷണ രോഗനിയന്ത്രണ പ്രതിരോധ പ്രവർത്തനങ്ങൾ വാർഡ് തല ദ്രുതകർമ്മ സേനയുടെ ശാക്തീകരണത്തിനൊപ്പം കൂടുതൽ മികവോടെ നടപ്പാക്കും .
സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരീക്ഷണ മാനദണ്ഡങ്ങൾക്ക് പുറമേ പുതിയ സാഹചര്യത്തിൽ തൊഴിലുടമയുടെ ഉത്തരവാദിത്വത്തിൽ കൊവിഡ് പരിശോധനാഫലം കൂടി വിലയിരുത്തി കൊണ്ട് തൊഴിലാളികളുടെ താമസം, സമ്പർക്കം തുടങ്ങിയവ സംബന്ധിച്ച തൊഴിലുടമകളുടെ സത്യവാങ്മൂലം കൂടി ഉൾപ്പെടുത്തിയും കൊവിഡ് പ്രതിരോധം തൊഴിലിടങ്ങളിൽ ഉറപ്പാക്കും. സാമൂഹിക അകലം, മാസ്‌ക് ശരിയായി ധരിക്കൽ, കുട്ടികളുടെയും പ്രായമായവരുടെയും യാത്രാനിയന്ത്രണം ,നിരീക്ഷണത്തിൽ ഇരിക്കുന്ന ആളുകളുടെ പിന്തുണ സംവിധാനങ്ങൾ വാർഡ് തല മോണിറ്ററിംഗ് സമിതികൾ വഴി കൂടുതൽ ഫലപ്രദം ആക്കുന്നതിനും യോഗം തീരുമാനിച്ചു. കെ.ആർ ഗോപി ,എ.ജി സഹദേവൻ, എ.എസ് അരുണ, ബിനുരാജ് പരമേശ്വരൻ തുടങ്ങിയവർ സംസാരിച്ചു.