covid

കൊച്ചി:കൊവിഡ് സമൂഹവ്യാപനം സ്ഥിരീകരിച്ചതോടെ കേരളം വൈറസിനെ നേരിടുന്ന രീതി മാറ്റണമെന്ന് വൈറോളജി വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു. വിവിധ ജില്ലകളിൽ ക്ലസ്റ്ററുകൾ ഉണ്ടായതിനാൽ അവിടത്തെ രോഗികളുടെ രക്തത്തിലെ ജീനിൽ നിന്ന് വൈറസിന്റെ ജനിതക വ്യതിയാനം എത്രയും പെട്ടെന്ന് പഠിക്കണം. സംസ്ഥാനത്ത് വ്യാപകമായി നടത്തുന്ന ആന്റിജൻ പരിശോധനയുടെ കൃത്യത ഉറപ്പാക്കാൻ റിയൽ ടൈം പി.സി.ആർ ടെസ്റ്റിനും പ്രാധാന്യം നൽകണം. രോഗികളുടെ ഓക്‌സിജൻ ലെവൽ പരിശോധിച്ച് അപകടാവസ്ഥയിലുള്ളവരെ മാത്രം ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രീതി തുടങ്ങുകയും വേണം.

പകരാൻ കൂടുതൽ സമയം

ചിക്കുൻഗുനിയ, ഡങ്കി വൈറസുകൾക്ക് മനുഷ്യശരീരത്തിലെ ജീവിതചക്രം 72 മണിക്കൂർ മുതൽ 5 ദിവസം വരെയാണെങ്കിൽ കൊവിഡിന് 14 ദിവസം മുതൽ 40 ദിവസം വരെയാകാം. ഈ കാലയളവിൽ കൂടുതൽ ആളുകളിലേക്ക് പകരാം.

ജനിതക വ്യതിയാനം പഠിക്കണം


രോഗലക്ഷണങ്ങളില്ലെങ്കിലും ശരീരത്തിൽ വൈറസ് പ്രവേശിച്ചോയെന്ന് ആന്റിജൻ ടെസ്റ്റിൽ അറിയാം. എന്നാൽ ആന്റിജൻ ടെസ്റ്റിൽ ഒരേ പ്രദേശത്ത് രോഗലക്ഷണം കാണിക്കാതെ നിരവധി രോഗികളുണ്ടെന്ന് കണ്ടാൽ ടെസ്റ്റിന്റെ കൃത്യതക്കുറവോ (ഫാൾസ് പോസിറ്റീവ് )​ ജനിതക വ്യതിയാനം സംഭവിച്ച വൈറസോ ആകാം കാരണം. ആന്റിജൻ ടെസ്റ്റിന്റെ കൃത്യത ഉറപ്പാക്കാൻ ക്ളസ്റ്ററുകളിലെ പത്തോ പതിനഞ്ചോ രോഗകളെ റിയൽ ടൈം പി.സി.ആർ ടെസ്റ്റിന് വിധേയമാക്കിയാൽ മതി. ഒരു മോളികുലാർ ഗവേഷണ സംഘത്തിന് ഈ പഠനത്തിന് പത്തുദിവസം മതിയാകും. അത് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയെ ഏൽപ്പിക്കാവുന്നതാണ്.

ഇതേ രോഗികളുടെ രക്തത്തിൽ നിന്ന് ജീൻ വേർതിരിച്ച് വൈറസിന്റെ ജീൻ സീക്വൻസുമായി ഒത്തുനോക്കിയാൽ വൈറസിന്റെ ജനിതക വ്യതിയാനം മനസിലാക്കാം.

ധാരാവിയെ രക്ഷിച്ച ഓക്‌സിമീറ്റർ ടെസ്റ്റ്

രക്തത്തിലെ ഓക്‌സിജന്റെ അളവ് പരിശോധിച്ച് അപകടാവസ്ഥ മനസിലാക്കാം. ഓക്‌സിമീറ്റർ എന്ന ഉപകരണമുപയോഗിച്ച് വീടുകളിൽ തന്നെ ചെയ്യാവുന്ന ടെസ്റ്റാണിത്. ഓക്‌സിജൻ ക്രമാതീതമായി കുറഞ്ഞാൽ അടിയന്തര ചികിത്സ വേണം. 1300 രൂപ മുതൽ പൾസ് ഓക്‌സിമീറ്റർ ലഭ്യമാണ്. ഡൽഹി, മുംബയിലെ ധാരാവി എന്നിവിടങ്ങളിൽ രോഗികളുടെ എണ്ണം കുറയാൻ കാരണം ടെസ്റ്റുകൾക്കൊപ്പം പൾസ് ഓക്‌സിമീറ്റർ പരിശോധനയിലൂടെയും രോഗികളെ കൃത്യമായി കണ്ടെത്തിയതാണ്.

കേരളത്തിന് ഇമ്മ്യൂണിറ്റി വന്നോ?​

''ടെസ്റ്റിന്റെ കൃത്യത, വ്യക്തത, മറ്റ് വൈറസിനോട് റിയാക്ട് ചെയ്യുന്നുണ്ടോ എന്ന ക്രോസ് റിയാക്ടിവിറ്റി എന്നിവ ഓരോ ആന്റിജൻ ടെസ്റ്റിലും ഉറപ്പുവരുത്തണം. കേരളത്തിലെ ജനങ്ങൾക്ക് കൊവിഡ് വൈറസിനോട് ഇമ്മ്യൂണിറ്റി വന്നോയെന്നും പരിശോധിക്കണം.''

ഡോ. സി.മോഹൻകുമാർ

മോളികുലാർ ബയോളജിസ്റ്റ്

സ്‌കോപ്പ് ഫുൾ ബയോ റിസർച്ച്, ബയോ നെസ്റ്റ്

കൊച്ചി