ഫോർട്ടുകൊച്ചി: കൊവിഡ് കാലത്തും വിഷമീന്റെ വരവ് കുറയുന്നില്ല. കർണാടകയിൽ നിന്നാണ് രാസവസ്തുക്കൾ ചേർത്ത മത്സ്യം ഇടനിലക്കാർ കൊച്ചിയിൽ എത്തിക്കുന്നത്. ജില്ലയിൽ കൊണ്ടുവരുന്ന മീൻ പിന്നീട് ചെറിയ ചരക്ക് വാഹങ്ങളിലേക്ക് മാറ്റി വിവിധ ഇടങ്ങളിലെ വില്പനക്കാരിൽ എത്തിക്കും. ഇരട്ടി വരുമാനം ലക്ഷ്യമിട്ടാണ് ഇടപാട്. ഉദ്യോഗസ്ഥർ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ പരിശോധന കുറഞ്ഞതാണ് ഇറക്കുമതി കൂടാൻ കാരണം.
മാസങ്ങൾ വരെ പഴക്കമുള്ള മീനുകളാണ് ഇടനിലക്കാർ കൊച്ചിയിൽ എത്തിക്കുന്നത്. മാർക്കറ്റിൽ പൊള്ളുന്ന വിലയാണെങ്കിൽ ഒരു പെട്ടിക്ക് തുച്ഛമായ തുക മാത്രമാണ് ഇടനിലക്കാർ ഈടാക്കുന്നത്.ചാളയും അയലയുമാണ് കൂടുതലായും വില്ക്കുന്നത്.കഴിഞ്ഞ ദിവസം പുലർച്ചെ കൊച്ചിയിലെ വിവിധ മാർക്കറ്റുകൾക്ക് സമീപം കർണാടക ലോറികളിൽ നിന്ന് മീൻ പെട്ടികൾ ഇറക്കിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഈ മാസം 31ന് ട്രോളിംഗ് നിരോധനം അവസാനിക്കുമെങ്കിലും രോഗഭീതിയുടെ പശ്ചാത്തലത്തിൽ ഹാർബറുകൾ തുറന്ന് പ്രവർത്തിക്കാൻ സാദ്ധ്യതയില്ല. ഇത് ലക്ഷ്യമിട്ടാണ് വിഷമീൻ ഇറക്കുമതി.