sandeep-nair

കൊച്ചി: സ്വർണക്കടത്തു കേസിൽ അറസ്റ്റിലായ സന്ദീപ് നായരുടെ ബാഗിൽനിന്ന് സഹകരണ ബാങ്കിലെ സ്ഥിരനിക്ഷേപങ്ങളുടെ രേഖകളും ലാപ്ടോപ്പും ഡയറിയും രണ്ടുലക്ഷം രൂപയും യു.എസ് ഡോളറടക്കമുള്ള വിദേശ കറൻസികളും കണ്ടെടുത്തു. എറണാകുളത്തെ പ്രത്യേക എൻ.ഐ.എ കോടതിയിൽ ജഡ്ജിയുടെ സാന്നിദ്ധ്യത്തിൽ കഴിഞ്ഞദിവസമാണ് ബാഗ് പരിശോധിച്ചത്. ട്രോളി രൂപത്തിലുള്ള ബാഗിൽ നിന്ന് രണ്ടു ചെറിയബാഗുകൾ കൂടി ലഭിച്ചിട്ടുണ്ട്. അഞ്ച് ലക്ഷം രൂപയുടെയും മൂന്നു ലക്ഷം രൂപയുടെയും സ്ഥിര നിക്ഷേപത്തിന്റെ രസീതുകളാണ് ബാഗിലുണ്ടായിരുന്നത്. പഠനവുമായി ബന്ധപ്പെട്ട ചില സർട്ടിഫിക്കറ്റുകളും കണ്ടെടുത്തിട്ടുണ്ട്. ലാപ്ടോപ്പ് ഫോറൻസിക് - സയന്റിഫിക് പരിശോധനയ്ക്ക് നൽകാനുള്ള നടപടികൾ എൻ.ഐ.എ സ്വീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ ശനിയാഴ്ച ബംഗളൂരുവിൽ നിന്ന് പിടികൂടുമ്പോൾ സന്ദീപ് നായരുടെ പക്കലുണ്ടായിരുന്ന ബാഗ് മഹസറിൽ രേഖപ്പെടുത്തി അന്വേഷണസംഘം മുദ്രവച്ചിരുന്നു. തുടർന്നാണ് ജഡ്‌ജിയുടെ സാന്നിദ്ധ്യത്തിൽ പരിശോധന നടത്താൻ അനുമതി തേടി അപേക്ഷ നൽകിയത്. ബാങ്ക് നിക്ഷേപത്തെക്കുറിച്ചുള്ള അന്വേഷണങ്ങളും ഡയറിയിൽ നിന്നു ലഭിക്കുന്ന വിവരങ്ങളും സ്വർണക്കടത്തിന്റെ അന്വേഷണത്തിൽ കൂടുതൽ മുന്നോട്ടുപോകാനുള്ള വഴി തുറന്നുനൽകുമെന്നാണ് എൻ.ഐ.എ കണക്കുകൂട്ടുന്നത്.