മൂവാറ്റുപുഴ: സമൂഹത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സേവനം അനുഷ്ടിച്ചു വരുന്ന മറ്റൊരു വിഭാഗമാണ് ജില്ലയിലെ സൈക്കോ-സോഷ്യൽ സ്കൂൾ കൗൺസിലർമാർ. പന്ത്രണ്ടു വർഷത്തോളമായി സംസ്ഥാനത്തെ എല്ലാ സർക്കാർ സ്കൂളുകളിലും കുടുംബങ്ങളിലും സേവന താല്പര്യത്തോടെ ഓടിയെത്തുന്ന ഇവർ കൊവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തിലും സജ്ജീവമാണ്.

കൊവിഡിന്റെ സാഹചര്യത്തിൽ ആത്മഹത്യയുടെ വക്കിലെത്തി നിൽക്കുന്നവർക്കും ആരും സംരക്ഷണത്തിന് ഇല്ലാതെ വാർദ്ധക്യത്തിലെത്തിയവർക്കും ശാരീരിക- മാനസിക വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്നവർക്കും താങ്ങും തണലുമാകുകയാണ് കൗൺസിലർമാർ. 68 കൗൺസിലർമാർ അടങ്ങുന്ന ഒരു വലിയ കൂട്ടായ്മയാണ് ജില്ലയിൽ ഇപ്പോഴും സേവനം നൽകി വരുന്നത്.

അങ്കണവാടി തലം മുതൽ കൗമാര വിദ്യാഭ്യാസത്തിലും , കുടുംബ പ്രശ്നങ്ങളിലും കൗൺസിലർമാരുടെ സേവനങ്ങൾ ഏതു സമയവും ലഭ്യമാണ്. ഓൺലൈൻ പഠന സാഹചര്യങ്ങൾ ഒരുക്കി കൊടുക്കുന്നതിനായി ഓരോ കുട്ടികളുടെയും വീടുകൾ കയറിയിറങ്ങി ജീവിതനിലവാരം മനസിലാക്കി അവർക്ക് വിദ്യാഭ്യാസത്തിന് ആവശ്യമായ ടിവി, സ്മാർട്ട്ഫോൺ, ഇന്റർനെറ്റ് കണക്ഷൻ, മറ്റ് വൈദ്യുതി സംബന്ധമായ ആവശ്യങ്ങൾ തുടങ്ങി എല്ലാ സഹായങ്ങളും എത്തിച്ചു നൽകുന്നുണ്ട്.