ചേർത്തല: മലയാളിയായ ആർക്കിടെക്ട് എസ്.ഗോപകുമാറിന് ബാബുറാവു മഹാത്രെ സ്വർണ്ണ മെഡൽ. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന കുമാർ ഗ്രൂപ്പ് ഒഫ് ടോട്ടൽ ഡിസൈനേഴ്‌സിന്റെ സ്ഥാപകനായ ഗോപകുമാർ ഈ മെഡൽ നേടുന്ന ആദ്യ മലയാളിയാണ്.
2020 കാലഘട്ടത്തിലെ ഏറ്റവും മികച്ച ആർക്കിടെക്ട് എന്ന ബഹുമതിയാണ് ഗോപകുമാറിന് ലഭിച്ചിരിക്കുന്നത്. സ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം 1976ൽ തിരുവനന്തപുരം കോളേജ് ഒഫ് എൻജിനീയറിംഗിൽ നിന്ന് സ്വർണ്ണ മെഡലോടെ ആർക്കിടെക്ചർ പഠനം പൂർത്തിയാക്കി. ഇന്ത്യൻ ആർക്കിടെക്ടുകളുടെ ആസ്ഥാനമായ ഐ.ഐ.എയിൽ നിന്ന് ഇങ്ങനൊരു അവാർഡ് നേടാനായതിലും നിരവധി പ്രമുഖ ആർക്കിടെക്ടുകൾക്കൊപ്പം ഇടംപിടിക്കാൻ കഴിഞ്ഞതിലും അതിയായ സന്തോഷമുണ്ടെന്നും ഈ അവാർഡ് ഇന്ത്യൻ ആർക്കിടെക്ചറിനെ ആഗോള ഭൂപടത്തിൽ എത്തിക്കാൻ കൂടുതൽ ഊർജ്ജം പകരുമെന്നും അദ്ദേഹം പറഞ്ഞു. ഐ.ഐ.എയുടെ പ്രസിഡന്റ് ദിവ്യ ഖുഷ് ഗോപകുമാറിന് അവാർഡ് സമ്മാനിച്ചു.
ആർക്കിടെക്ട് മേഖലയിലെ പത്മശ്രീ ജേതാക്കളായ അച്യുത് കാൻവിൻടെ,ബി.വി.ദോഷി, ലാറി ബേക്കർ, പത്മവിഭൂഷൺ ജേതാവ് ചാൾസ് കൊറിയ എന്നിവരുടെ നിരയിലേക്കാണ് ആദ്യ മലയാളിയായി ഗോപകുമാർ എത്തിയത്. കൊച്ചിയിലെ എച്ച്.ഡി.എഫ്.സി കെട്ടിടം, കൊച്ചിയിലെ കേരള ചരിത്ര മ്യൂസിയം, തിരുവനന്തപുരത്തെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ,കോഴിക്കോട്ടെ താജ് റസിഡൻസി, തിരുവനന്തപുരം ഗാന്ധി പാർക്ക്, ശാന്തി കവാടം,കൊച്ചി ഡി.എച്ച് മൈതാനം എന്നിവ ഗോപകുമാറിന്റെ കരവിരുതിൽ പിറന്നവയാണ്.