കൊച്ചി: സ്വർണക്കടത്തിൽ കസ്റ്റംസ് ഒൻപതു മണിക്കൂർ ചോദ്യം ചെയ്ത മുൻ ഐ.ടി. സെക്രട്ടറി എം. ശിവശങ്കറിനെ മുഖ്യമന്ത്രി പിണറായി വിജയൻ സംരക്ഷിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണെന്ന് ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ആവശ്യപ്പെട്ടു. സ്വർണക്കടത്തുമായി ഓഫീസിന് ബന്ധമുള്ളതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി എറണാകുളം ജില്ലാ കമ്മിറ്റി നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശിവശങ്കറിനെതിരെയും സ്വർണക്കടത്തിൽ ഉൾപ്പെട്ട പലരുടെയും പേരിൽ കേസെടുക്കാത്തത് അവർക്ക് കേരളം വിട്ടുപോകാനും തെളിവുകൾ നശിപ്പിക്കാനും അവസരം നൽകാനാണ്. സ്വർണക്കടത്തിൽ പ്രതികളായവർക്ക് അന്താരാഷ്ട്ര തലത്തിൽ മതതീവ്രവാദികളുമായി ബന്ധമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടവർ സ്വർണക്കടത്തിൽ പങ്കാളികളായതിന്റെ ധാർമ്മികമായ ഉത്തരവാദിത്വം ഏറ്റെടുത്തു പിണറായി വിജയൻ രാജിവയ്ക്കണം. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നത്. കേസിൽ ഉൾപ്പെട്ടവരുമായി മന്ത്രി എന്തിനാണ് സംസാരിച്ചതെന്ന് വ്യക്തമാക്കണം. കള്ളക്കടത്തു കേസിലെ പ്രതികളുമായി മന്ത്രിയുടെ ജീവനക്കാർ സംസാരിച്ചതിലും ദുരൂഹതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ.എസ്. ഷൈജു, എം.എ. ബ്രഹ്മരാജ്, മദ്ധ്യമേഖലാ സെക്രട്ടറി സി.ജി. രാജഗോപാൽ, ജില്ലാ സെക്രട്ടറിമാരായ എം.എൻ. ഗോപി, സി.വി. സജിനി, ജില്ലാ സെൽ കോ ഓർഡിനേറ്റർ കെ.എസ്. സുരേഷ് കുമാർ, എറണാകുളം മണ്ഡലം പ്രസിഡന്റ്.പി.ജി. മനോജ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.