lng

കൊച്ചി: കാസർകോട്ടെ ചന്ദ്രഗിരി പുഴയും കടന്ന് ഭൂമിക്കടിയിലൂടെ മംഗലാപുരത്തേക്ക് ദ്രവീകൃത പ്രകൃതിവാതകം (എൽ.എൻ.ജി) കൊച്ചിയിൽ നിന്ന് പ്രവഹിക്കാൻ ഇനി ആഴ്ചകൾ മാത്രം.

പുഴയ്ക്കടിയിലൂടെ പാറ തുളച്ച് പൈപ്പുകൾ കടത്തിവിടുന്ന ജോലികളാണ് തുടരുന്നത്. പൈപ്പുകൾ രണ്ടുകരയിലും കൂട്ടിച്ചേർക്കുന്നതോടെ നിർമ്മാണം സമ്പൂർണമാകുമെന്ന് ഗ്യാസ് അതോറിറ്റി ഒഫ് ഇന്ത്യാ ലിമിറ്റഡ് (ഗെയിൽ) ജനറൽ മാനേജർ ടോമി മാത്യു കേരളകൗമുദിയോട് പറഞ്ഞു.

രണ്ടാഴ്ച വേണ്ടിവന്നേക്കാം. അതുകഴിഞ്ഞാൽ പരീക്ഷണാടിസ്ഥാനത്തിലും തുടർന്ന് സ്ഥിരമായും എൽ.എൻ.ജി പ്രവഹിക്കും.

പ്രധാന പൈപ്പ് ലൈൻ തൃശൂർ അതിർത്തിയായ കൂറ്റനാട് വച്ച് രണ്ടായി പിരിയും. ഒന്ന് മംഗലാപുരത്തേക്കും മറ്റൊന്ന് കോയമ്പത്തൂരിലേക്കും. കോയമ്പത്തൂർ ലൈനിൽ വാളയാർ വരെയുള്ള കേരളത്തിലെ ലൈൻ പ്രവർത്തന സജ്ജമാണ്.

പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് നിരീക്ഷിക്കുന്ന കേരളത്തിലെ ഈ ഏക പദ്ധതി 2013 മാർച്ചിൽ പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം. പക്ഷേ, നാട്ടുകാരുടെ എതിർപ്പുകൾ കാരണം നിലച്ചുപോയി. അസാദ്ധ്യമെന്ന് കരുതിയ പദ്ധതിയിലെ പ്രതിബന്ധങ്ങൾ സംസ്ഥാന സർക്കാർ കർക്കശ നിലപാടെടുത്തതോടെ ഒഴിഞ്ഞു. പൈപ്പ് ലൈൻ കേരളവും കടന്ന് മംഗലാപുരത്തേക്ക് നീണ്ടു. ഉദ്ഘാടനം ലളിതമായി നടത്തുമെന്നാണ് സൂചന.

# എൽ.എൻ.ജി

ഗൾഫിലുൾപ്പെടെ ലഭിക്കുന്ന പ്രകൃതിവാതകം. ദ്രവരൂപത്തിലാക്കി കപ്പലിൽ കൊച്ചിയിലെ ടെർമിനലിൽ എത്തിക്കും. വാതകമാക്കി സംഭരിക്കും. പ്രകൃതിവാതകത്തെ (മീഥൈൻ സി.എച്ച് 4, ഈഥൈൻ സി 2എച്ച് 6 മിശ്രിതം) പ്ളാന്റിൽ മൈനസ് 162 (-162) ഡിഗ്രി തണുപ്പിച്ചാണ് പൈപ്പിലൂടെ കടത്തിവിടുന്നത്.

എൽ.എൻ.ജി ടെർമിനൽ

2013: വൈപ്പിൻ ദ്വീപിൽ ഉദ്ഘാടനം

3000 കോടി രൂപ നിർമ്മാണ ചെലവ്

പൈപ്പ്ലൈൻ

2 മീറ്റർ താഴ്ചയിൽ ഉരുക്ക് പൈപ്പ്

2- 2.5 അടിവരെ വ്യാസം

4493 കോടി: നിർമ്മാണച്ചെലവ്

444 കി.മീ: കൊച്ചി - മംഗലാപുരം

409 കി.മീ: കേരളത്തിൽ മാത്രം

കേരളത്തിലെ സേവനം

കൊച്ചി മുതൽ കാസർകോട് വരെ 28 സബ് സ്റ്റേഷനുകൾ. ഇതുവഴി അതതു മേഖലയിലെ വ്യവസായശാലകൾക്കും മറ്റും വിതരണം. ഫാക്ടടക്കം കൊച്ചി മേഖലയിലെ പതിമ്മൂന്ന് കമ്പനികൾ നിലവിൽ പ്രയോജനപ്പെടുത്തുന്നു. അവ ഇന്ധനമായി ഉപയോഗിക്കുന്ന നാഫ്തയെക്കാൾ 30 ശതമാനം വരെ വില കുറവ്.

# 1500 കോടി വരുമാനം

നികുതിയിനത്തിൽ സംസ്ഥാന സർക്കാരിന് 1500 കോടിയിലേറെ രൂപ പ്രതിവർഷം

# സിറ്റി ഗ്യാസ്

ഐ.ഒ.സി - അദാനി സംയുക്ത കമ്പനിക്ക് സബ് സ്റ്റേഷനുകളിൽ നിന്ന് കണക്‌ഷൻ നൽകും. അവർ വീടുകളിലും സ്ഥാപനങ്ങളിലും ചെറുപൈപ്പുകളിലൂടെ എത്തിക്കും. വീടുകളിൽ പ്രതിമാസം 300 രൂപയ്ക്ക് കിട്ടും.

# വാഹനങ്ങൾക്ക്

കമ്പ്രസ്ഡ് നാച്വറൽ ഗ്യാസായി (സി.എൻ.ജി) നൽകും. കുറഞ്ഞ വില. 20 ശതമാനം കൂടുതൽ മൈലേജ്

# പരിസ്ഥിതിസൗഹൃദം

അന്തരീക്ഷ മലിനീകരണം തീരെ കുറവ്