കൊച്ചി: ഇന്ത്യയാകെ കറങ്ങി കാശ്മീർ വരെ പോകാൻ ഒരുപാട് ആഗ്രഹിച്ച് ആറുമാസം മുമ്പാണ് സൈനുദ്ദീൻ ബുള്ളറ്റ് വാങ്ങിയത്. കൊവിഡ് യാത്ര മുടക്കി. പക്ഷേ ആ ബൈക്ക് ഉപജീവനത്തിന് വഴി തുറന്നു. പുത്തൻ ബുള്ളറ്റിന് പിന്നിൽ ചിപ്സ് പാക്കറ്റ് നിരത്തി വില്പനയിലാണ് സൈനുദീൻ രണ്ടാഴ്ചയായി.
യൂബറിന്റെ ഓഫീസിലായിരുന്നു സൈനുദ്ദീനു ജോലി. ഒപ്പം സ്‌കൂബാ ഡൈവിംഗ് പരിശീലകനും. ലോക്ക് ഡൗണിന് മുൻപ് ജോലി നഷ്ടപ്പെട്ടു. മെഡിക്കൽ റെപ്പായി ഒരു കൈ നോക്കിയെങ്കിലും ലോക്ക് ഡൗണിൽ നഷ്ടമായി.
കടയിൽ നിന്ന് ബാഗു നിറയെ ചിപ്‌സ് വാങ്ങിയാണ് വില്പനയ്ക്കിറങ്ങുക. 20 ശതമാനമാണ് കമ്മിഷൻ. ഇതാണ് വരുമാനമെന്ന് സൈനുദ്ദീൻ പറയുന്നു. പശ്ചിമകൊച്ചി മേഖലയിലാണ് കച്ചവടം.
യാത്രയോടുള്ള ഇഷ്ടം കൊണ്ടാണ് സ്വന്തമായി ബുള്ളറ്റ് വാങ്ങിയത്. ദക്ഷിണ്യേന്ത്യയിലെ നിരവധി സ്ഥലങ്ങൾ ബൈക്കിൽ യാത്ര ചെയ്തു. ബുള്ളറ്റുമായി ചിപ്‌സ് വിൽക്കുമ്പോൾ ആളുകൾ കൗതുകത്തോടെയാണ് കാണുന്നത്. രണ്ടാഴ്ചയായി കച്ചവടമുണ്ട്. എത്രനാൾ ഇങ്ങനെ പോവുമെന്ന് അറിയില്ലെന്ന് സൈനുദ്ദീൻ പറഞ്ഞു.
അച്ഛനും അമ്മയും സഹോദരന്മാരും ഭാര്യയും കുഞ്ഞും അടങ്ങുന്ന കുടുംബത്തിന്റെ ചുമതല സൈനുദ്ദീനാണ്. മൂന്നു മാസം മുമ്പ് വരെ മാസത്തിലൊരിക്കൽ യാത്ര പോവുക പതിവായിരുന്നു. കൊവിഡ് മാറിയാൽ അന്നത്തിന് വഴിയൊരുക്കിയ ബുള്ളറ്റിൽ ഇന്ത്യ മൊത്തം ഒന്നു കറങ്ങാനിറങ്ങും. അതിനുള്ള വക കച്ചവടത്തിൽ നിന്ന് നേടാമെന്ന വിശ്വാസത്തിലാണ്.