rehana-fathima

കൊച്ചി: നഗ്ന ശരീരത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ച് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച കേസിൽ ബി.എസ്.എൻ.എൽ മുൻ ജീവനക്കാരി രഹ്ന ഫാത്തിമയ്ക്കെതിരെ അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ഇവർക്ക് മുൻകൂർ ജാമ്യം നൽകരുതെന്നും പൊലീസ് ഹൈക്കോടതിയിൽ നൽകിയ വിശദീകരണ പത്രികയിൽ ആവശ്യപ്പെട്ടു. രഹ്നയ്ക്കെതിരെ പോക്സോ, ബാലനീതി നിയമം,ഐ.ടി. ആക്ട് തുടങ്ങിയവ പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടന്നുവരികയാണെന്നും എറണാകുളം ടൗൺ സൗത്ത് ഇൻസ്പെക്ടർ കെ.ജി. അനീഷ് നൽകിയ വിശദീകരണ പത്രികയിൽ വ്യക്തമാക്കുന്നു.

ദൃശ്യം ഉൾപ്പെട്ട ഡി.വി.ഡിയും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. രഹ്നയുടെ വീട്ടിൽ റെയ്ഡ് നടത്തിയ പൊലീസ് സംഘം ദൃശ്യങ്ങൾ ചിത്രീകരിക്കാനുപയോഗിച്ച കാമറ സ്റ്റാൻഡ്, ലാപ്ടോപ്പ്, പെയിന്റ് മിക്സ് ചെയ്യാനുള്ള ബോർഡ്, കളറുകൾ, മൊബൈൽ ഫോൺ തുടങ്ങിയവ കണ്ടെടുത്തിരുന്നു. ലാപ്ടോപ്പും മൊബൈലും തൃപ്പൂണിത്തുറ റീജിയണൽ സൈബർ ഫോറൻസിക് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. മതസ്പർദ്ധ വളർത്തുന്ന തരത്തിൽ ഫോട്ടോ പ്രചരിപ്പിച്ചെന്നാരോപിച്ചുള്ള മറ്റൊരു കേസിലും രഹ്ന ഫാത്തിമ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. രഹ്നയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും.