തൃക്കാക്കര : തൃക്കാക്കര നഗരസഭയുടെ വഴിയോര കച്ചവടക്കാരുടെ ലിസ്റ്റിൽ ഉൾപ്പെടുത്താൻ 350 രൂപ ആവശ്യപ്പെട്ട സംഭവത്തിൽ കോൺഗ്രസ് എസ് പ്രാദേശിക നേതാവിനെതിരെ പൊലീസിൽ പരാതി. കാക്കനാട് ടിവി സെന്റർ സ്വദേശി ബിനുവിനെതിരെ നഗരസഭ സെക്രട്ടറി പി.എസ് ഷിബുവാണ് പാരാതി നൽകിയത്. കച്ചവടക്കാർക്കായി നഗരസഭ നൽകിയ രേഖ കൈവശപ്പെടുത്തി വ്യാജ രേഖ ചമച്ചതായാണ് പരാതിയിൽ പറയുന്നത്.
മാർച്ചിൽ തുടങ്ങി
മാർച്ച് 12 നായിരുന്നു പരാതിയിലേക്ക് എത്തിച്ച സംഭവത്തിന് തുടക്കം. 350 രൂപ നൽകിയാൽ ലിസ്റ്റിൽ ഉൾപ്പെടുത്താമെന്ന് വാഗ്ദാനവുമായി ബിനു ഭാരത് മാതാ കോളേജിന് സമീപം കച്ചവടം നടത്തുന്ന രാഗിയെന്ന സ്ത്രീയെ സമീപിച്ചു. എന്നാൽ പണം പിന്നെ തരാമെന്ന് രാഗി പറഞ്ഞതോടെ ബിനു തന്റെ ഫോൺ നമ്പർ നൽകി. പിന്നെ നഗരസഭയുടെ ലോഗോയും,സീലും അടങ്ങുന്ന സ്റ്റിക്കർ കടയിൽ പതിപ്പിച്ചു. ഇക്കാര്യം സുഹൃത്തായ ശോഭ ഗിരീഷിനെ അറിയിച്ചതാണ് വഴിത്തിരിവായത്.സംശയം തോന്നിയ ഇവർ നഗരസഭയിലെത്തി പരാതി നൽകുകയായിരുന്നു. നഗര സഭ അധികൃതർ നടത്തിയ അന്വേഷണത്തിൽ ബിനു നൽകിയ രേഖകൾ വ്യാജമാണെന്ന് കണ്ടെത്തി.
ഇടതും വലതും
45 പേർക്കായി ഒന്നിച്ചു
2018 മാർച്ച് 31 ന് മുമ്പ് അപേക്ഷിച്ച വരെ മാത്രമേ നഗരസഭയിലെ വഴിയോരക്കച്ചവടക്കാരുടെ അംഗീകൃത ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളു.എൻ.യു.എൽ.എം ലിസ്റ്റിൽ പെടാത്ത ആളുകളെ കണ്ടെത്തിയാണ് നേതാവിന്റെ തട്ടിപ്പ്. നേരത്തെ ഇടതുപക്ഷവും-വലതുപക്ഷവും ചേർന്ന് 45 പേരെ കൂടി പട്ടികയിൽ ഉൾപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഇത് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.