കൊച്ചി: ജില്ലയിൽ കൊവിഡ് അതിവ്യാപനം ഉണ്ടായാൽ ഇത് നേരിടാൻ എല്ലാ സ്വകാര്യ ആശുപത്രികളിലും നിശ്ചിത എണ്ണം കിടക്കകൾ നീക്കിവയ്ക്കുവാൻ കളക്ടർ എസ്. സുഹാസ് നിർദ്ദേശിച്ചു. സ്വകാര്യ ആശുപത്രി അധികൃതരുമായി കളക്ടർ നടത്തിയ വീഡിയോ കോൺഫറൻസിൽ അധിക കരുതൽ എന്ന നിലയിലാണ് കൊവിഡ് രോഗലക്ഷണമുള്ളവർക്കായി കിടക്കകൾ നീക്കിവയ്ക്കുവാൻ ആവശ്യപ്പെട്ടത്.പഞ്ചായത്ത് തലത്തിൽ സജ്ജമാക്കുന്ന ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ തികയാതെ വന്നാൽ മാത്രമേ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയുള്ളു. നിലവിൽ ജില്ലാ ഭരണകൂടം കിടക്കകൾ നീക്കിവയ്ക്കുവാൻ മാത്രമാണ് ആവശ്യപ്പെടുന്നത്. ഒരാഴ്ച്ചയ്ക്കുള്ളിൽ ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലായി 10000 കിടക്കകൾ തയ്യാറാകും.കളമശേരി മെഡിക്കൽ കോളേജിൽ സേവനത്തിനായി വിവിധ ആരോഗ്യ പ്രവർത്തകരെ ആവശ്യമുണ്ടെന്നും ഇവിടെ സന്നദ്ധ സേവനത്തിനായി എത്തുന്നവർക്ക് എല്ലാ സൗകര്യങ്ങളും നൽകുമെന്നും കളക്ടർ പറഞ്ഞു. ഡി.എം.ഒ എൻ.കെ. കുട്ടപ്പൻ, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. മാത്യൂസ് നുമ്പേലി തുടങ്ങിയവർ വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു.