യുവാവിന്റെ പ്രൈമറി കോൺടാക്ടിൽ 12 പേർ

സെക്കൻഡറി കോൺടാക്ടിൽ 80 പേർ

പറവൂർ: ചിറ്റാറ്റുകര പഞ്ചായത്തിൽ മൂന്നാം വാർഡിൽ ഉറവിടമറിയാത്ത കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പഞ്ചായത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ് തീരുമാനം. പഞ്ചായത്ത് പ്രദേശത്ത് നടക്കുന്ന വിവാഹം അമ്പത് പേരിൽ കൂടരുത്. കൊവിഡ് പ്രോട്ടോക്കോൾ നിയമപ്രകാരം പഞ്ചായത്തിൽ നിന്നും പൊലീസ് സ്റ്റേഷനിൽ നിന്നും അനുമതി വാങ്ങണം. മരണാനന്തര ചടങ്ങുകൾ ഇരുപത് പേരിൽ അധികരിക്കാതെ നടത്തണം. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ പുറത്തിറങ്ങുന്ന കുട്ടികളുടെ മാതാപിതാക്കൾക്കെതിരെ നടപടി സ്വീകരിക്കും, അറുപത് വയസിന് മുകളിൽ പ്രായമുള്ളവർ നിർബന്ധമായും വീടിന് അകത്ത് കഴിയണമെന്ന് നിർദ്ദേശം നൽകുന്നതിനും തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ഐ നിഷാദിന്‍റെ അദ്ധ്യക്ഷത വഹിച്ചു. പറവൂർ തഹസിൽദാർ എം.എച്ച്. ഹരീഷ് , മെഡിക്കൽ ഓഫീസർ ശ്രീജ , ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ്കുമാർ, വില്ലേജ് ഓഫീസർ ഷാജഹാൻ, പഞ്ചാത്ത് സെക്രട്ടറി പി.വി. സീന, പൊലീസ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ചിറ്റാറ്റുകരയിൽ നിയന്ത്രണം

സമൂഹ വ്യാപനത്തിന്റെ തീവ്രത കണക്കിലെടുത്തുകൊണ്ട് ചിറ്റാറ്റുകര പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങൾ രാവിലെ ഒമ്പത് മുതൽ വൈകിട്ട് വരെയും ഹോട്ടലുകൾ രാവിലെ ഏഴു മുതൽ ഏഴ് വരെയും പ്രവർത്തിപ്പിക്കാവൂ. വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും എത്തുന്നവർക്ക് അണുനശീകരണത്തിനായി സാനിറ്റൈസർ നൽകേണ്ടതാണ്. ഇവരുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിന് പ്രത്യേക രജിസ്റ്റർ സൂക്ഷിക്കേണ്ടതും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.