കോലഞ്ചേരി: പഠനത്തോടൊപ്പം കാർഷിക പരിചയവും, സർക്കാരിന്റെ സുഭിക്ഷ കേരളം സംയോജിത ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി വിദ്യാസമ്പന്നരായ യുവാക്കൾക്കും വിദ്യാർത്ഥികൾക്കുമായി കൃഷിവകുപ്പിൽ ആറുമാസത്തെ കാർഷിക പരിചയ പരിശീലന പരിപാടികൾക്കായി അവസരമൊരുക്കുന്നു. പരമാവധി യുവാക്കളെയും വിദ്യാർത്ഥികളെയും കാർഷിക സംസ്‌കൃതി അറിയുന്നതിനും കാർഷിക വ്യവസായ മേഖലയിലെ സാദ്ധ്യതകൾ മനസിലാക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.

#സന്നദ്ധ പ്രവർത്തകർക്കും അവസരം

കൃഷി ബിരുദധാരികൾ, വി.എച്ച്.എസ്.ഇ സർട്ടിഫിക്ക​റ്റ് ഉള്ളവർ, മാനേജ്‌മെന്റ് ബിരുദധാരികൾ, സോഷ്യൽവർക്ക് ബിരുദധാരികൾ, മ​റ്റ് ബിരുദധാരികൾ, സോഷ്യൽ വെൽഫെയർ ഡിപ്ലോമക്കാർ, മാനേജ്‌മെന്റ് ഇൻ ബിസിനസ് അഡ്മിനിസ്‌ട്രേഷൻ ഡിപ്ലോമക്കാർ,സന്നദ്ധ പ്രവർത്തകർക്കും അവസരമുണ്ട്.

#ആറുമാസക്കാല പരിശീലനം

ആറുമാസ പരിശീലന കാലയളവിൽ കർഷകരുമായി സംവദിക്കുന്നതിനും, വിള വിവരം, വിള ആരോഗ്യം, വിളവെടുപ്പ്, വിപണി വിഭവ സമാഹരണം, സാങ്കേതിക സഹായങ്ങൾ തുടങ്ങിയ വിവരങ്ങൾ ശേഖരിക്കുന്നതിനും കൃഷിയുമായി ബന്ധപ്പെട്ട ഓഫീസുകളിലെ ഫ്രണ്ട് ഓഫീസ് മാനേജ്‌മെന്റ്, ഡാ​റ്റാ എൻട്രി, വിജ്ഞാന വ്യാപനം തുടങ്ങിയ മേഖലകളിൽ പരിചയം സൃഷ്ടിക്കുന്നതിനും സാദ്ധ്യമാകും.പരിശീലന കാലയളവിൽ കൃഷിഭവൻ, ബ്ലോക്ക് തലത്തിലെ കൃഷി അസിസ്​റ്റന്റ് ഡയറക്ടർ ഓഫീസ്, ജില്ലാ കൃഷി ഓഫീസ്, കൃഷി വകുപ്പ് ഫാമുകൾ എന്നിവിടങ്ങളിൽ പ്രവർത്തനങ്ങൾ മനസിലാക്കുന്നതിനും സേവനങ്ങൾ നടത്തുന്നതിനും അവസരമുണ്ട്.