പെരുമ്പാവൂർ: മുനിസിപ്പൽ വെജിറ്റബിൾ മാർക്കറ്റ് സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ശുചീകരണവും ബോധവത്കരണവും സംഘടിപ്പിച്ചു. മുനിസിപ്പൽ വെജിറ്റബിൾ മാർക്കറ്റിൽ നടത്തിയ പരിപാടി ചെയർപേഴ്‌സൺ സതി ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്യ്തു. സംരക്ഷണ സമിതി പ്രസിഡന്റ് ടി.എം. സത്താർ അദ്ധ്യക്ഷത വഹിച്ചു. പെരുമ്പാവൂരിലെ ജനങ്ങളുടെ ഒറ്റക്കെട്ടായിട്ടുള്ള സഹകരണത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിജയകരമായി മുന്നേറുകയാണെന്ന് ചെയർപേഴ്‌സൺ പറഞ്ഞു. മാർക്കറ്റിൽ ധാരാളം ആളുകൾ വന്നു പോകുന്നുണ്ടെങ്കിലും സർക്കാർ നിർദേശങ്ങൾ പാലിച്ചാണ് കച്ചവടം നടത്തുന്നതെന്ന് മാർക്കറ്റ് സംരക്ഷണ സമിതി പ്രസിഡന്റ് ടി.എം. സത്താർ പറഞ്ഞു. കച്ചവട മേഖല ദിവസവും അണുനശീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിലൂടെ ആരോഗ്യ സുരക്ഷയുടെ കാര്യത്തിൽ വെജിറ്റബിൾ മാർക്കറ്റ് മാതൃകയാണെന്ന് പെരുമ്പാവൂർ സി.ഐ ജയകുമാർ പറഞ്ഞു. മർച്ചന്റ് അസോസിയേഷൻ സെക്രട്ടറി വി.പി. നൗഷാദ്, വ്യപാരി വ്യവസായി സമിതി പ്രസിഡന്റ് പി.പി. ഡേവിഡ്, പി.ടി.സി.ആർ.എ. ചെയർമാൻ രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.