കൊച്ചി : കൊല്ലം എസ്.എൻ കോളേജ് സുവർണജൂബിലി ആഘോഷ ഫണ്ടിൽ 55 ലക്ഷത്തിന്റെ തട്ടിപ്പു നടത്തിയെന്ന കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ വിജിലൻസ് എസ്.പി ഷാജി സുഗുണനെ മാറ്റണമെന്നാവശ്യപ്പെട്ട് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഹൈക്കോടതിയിൽ ഹർജി നൽകി. തന്റെ ഭാഗം വിശദീകരിക്കാനുള്ള രേഖകൾ സമർപ്പിച്ചിട്ടും സ്വീകരിക്കുന്നില്ലെന്നും, തന്നെ കുടുക്കാൻ പക്ഷപാതപരമായി പെരുമാറുകയാണെന്നും ഹർജിയിൽ പറയുന്നു.
കേസന്വേഷണം പൂർത്തിയാക്കാൻ രണ്ടാഴ്ച സമയം നീട്ടിനൽകി ഹൈക്കോടതി ജൂലായ് എട്ടിന് ഉത്തരവായിരുന്നു. തന്റെ വാദങ്ങൾ ശരിവയ്ക്കുന്ന രേഖകൾ കണക്കിലെടുക്കാതെ കുറ്റപത്രം നൽകാനാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ നീക്കമെന്നും, നീതിയുക്തമായ അന്വേഷണം നടക്കില്ലെന്ന് ആശങ്കയുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നു. നിഷ്പക്ഷനായ മറ്റൊരുദ്യോഗസ്ഥനെ നിയോഗിക്കണം.പുതിയ ഉദ്യോഗസ്ഥൻ ചുമതലയേൽക്കും വരെ ,സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കണമെന്ന ഉത്തരവ് മരവിപ്പിക്കണം. തിടുക്കപ്പെട്ട് അന്വേഷണം പൂർത്തിയാക്കാനാണ് അന്വേഷണസംഘം ശ്രമിക്കുന്നത്. രേഖകൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടെങ്കിലും നിരസിച്ചു. തുടർന്ന് ഇ -മെയിലായി അയച്ചു. ഇതിന്റെ പകർപ്പ് മുഖ്യമന്ത്രിക്കും ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്കും സമർപ്പിച്ചിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു.
കേസ് ഇങ്ങനെ
1997 - 98 വർഷത്തെ സുവർണജൂബിലി ആഘോഷങ്ങൾക്ക് സ്വരൂപിച്ച ഫണ്ടിൽ ക്രമക്കേടാരോപിച്ച് കൊല്ലം സ്വദേശി പി. സുരേന്ദ്രബാബു നൽകിയ പരാതിയിലാണ് അന്വേഷണം . എന്നാൽ, കണക്കുകൾ പരാതിക്കാരനായ സുരേന്ദ്രബാബു ഉൾപ്പെടെയുള്ളവർ പങ്കെടുത്ത 1999 ആഗസ്റ്റ് 31ലെ വാർഷിക ജനറൽബോഡി അംഗീകരിച്ചതാണെന്നു ഹർജിയിൽ പറയുന്നു.
രണ്ട് തവണ അന്വേഷണം നടത്തി തെളിവില്ലെന്നു കണ്ടെത്തി ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയെങ്കിലും ,കൊല്ലം സി.ജെ.എം കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു. ഇതിനെതിരെ വെള്ളാപ്പള്ളി നടേശനും ,മറ്റേതെങ്കിലും ഏജൻസി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരനും ഹൈക്കോടതിയെ സമീപിച്ചു. എ.ഡി.ജി.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ മേൽനോട്ടം വഹിക്കണമെന്നും എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നും ഹൈക്കോടതി 2018 മാർച്ചിൽ ഉത്തരവിട്ടു. ഒമ്പതു മാസത്തിനകം അന്വേഷണം പൂർത്തിയാക്കാനും നിർദേശിച്ചു. ഇതു പാലിച്ചില്ലാന്നാരോപിച്ച് പരാതിക്കാരൻ നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ അന്വേഷണം ജൂലായ് എട്ടിനകം പൂർത്തിയാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. പിന്നീട് ജൂലായ് എട്ടിന് രണ്ടാഴ്ച കൂടി നീട്ടിനൽകി.