suneer-asharaf
സുനീർ അഷറഫ്

ആലുവ: ബൈക്ക് യാത്രക്കാരനായ യുവാവിനെ തടഞ്ഞുനിറുത്തി മാരകായുധങ്ങൾ ഉപയോഗിച്ച് വധിക്കാൻ ശ്രമിച്ച എസ്.ഡി.പി.ഐ പ്രവർത്തകരായ മാറമ്പിള്ളി ചാലയ്ക്കൽ ചരിവുകണ്ടത്തിൽ വീട്ടിൽ മുഹമ്മദ് സുനീർ അഷറഫ് (31), കുട്ടമശേരി മള്ളൻകുഴി മുല്ലപ്പിള്ളിവീട്ടിൽ റഫീക്ക് അലി (42), കുട്ടമശേരി കോളയിൽ വീട്ടിൽ റഹിം അലി (45) എന്നിവരെ കോടതി റിമാൻഡ് ചെയ്തു.

കേസിൽ നേരത്തെ പിടിയിലായ മാറമ്പിള്ളി കൈപ്പൂരിക്കര പാറക്കൽവീട്ടിൽ ഷെഫീക്ക് ഹുസൈനാർ, ചെങ്ങമനാട് പറമ്പയം എളമനവീട്ടിൽ ഫൈസൽ ഹൈദരാലി എന്നിവർ റിമാൻഡിലാണ്.

കഴിഞ്ഞമാസം 16ന് ആലുവ യു.സി കോളേജിന് സമീപം കുട്ടമശേരി ചാലക്കൽ കൊല്ലംകുടി വീട്ടിൽ കെ.വി. രാജന്റെ മകൻ രജിത്തിനെയാണ് (36) മുഖംമറച്ചെത്തിയ അഞ്ചംഗസംഘം വധിക്കാൻ ശ്രമിച്ചത്. വ്യാജനമ്പർ പതിച്ച മൂന്ന് ബൈക്കുകളിലാണ് പ്രതികളെത്തിയത്. രജിത്ത് സഞ്ചരിച്ച ബൈക്ക് തടഞ്ഞുനിർത്തി ഇടിച്ചുവീഴ്ത്തി. തുടർന്ന് ഇരുമ്പുപൈപ്പ് കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്.

വിദേശത്തുവച്ച് ഇസ്ലാംമതം സ്വീകരിച്ച ആലുവ ചാലക്കൽ സ്വദേശി ഭാര്യയെയും മക്കളെയും മതം മാറ്റാൻ ശ്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിഷയത്തിൽ രജിത്തും പിതാവും യുവതിക്കും കുടുംബത്തിനും അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. മാത്രമല്ല മതം മാറിയ യുവാവ് പിന്നീട് ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ജീവിക്കാൻ തയ്യാറായി. ഇതേത്തുടർന്നുണ്ടായ വൈരാഗ്യമാണ് പ്രതികളെ വധശ്രമത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. റിമാൻഡ് ചെയ്ത പ്രതികളെ തൃശൂരിലെ കൊവിഡ് ക്വാറണ്ടെയ്ൻ കേന്ദ്രത്തിലേക്കാണ് കൊണ്ടുപോയത്. കൊവിഡ് പരിശോധന റിപ്പോർട്ട് നെഗറ്റീവാണെങ്കിൽ ഇന്ന് വിയ്യൂരിലെയോ ആലുവയിലെയോ ജയിലിലേക്ക് മാറ്റും.

ആലുവ ഡിവൈ.എസ്.പി ജി. വേണുവിന്റെ നേതൃത്വത്തിൽ ആലങ്ങാട് എസ്.എച്ച്.ഒ ഉണ്ണിക്കൃഷ്ണനാണ് പ്രതികളെ അറസ്റ്റുചെയ്തത്.