കൊച്ചി: സന്ദീപ് നായരും പെരിന്തൽമണ്ണ സ്വദേശി റെമീസും നയതന്ത്രചാനലിലൂടെയല്ലാതെ വർഷങ്ങൾക്ക് മുമ്പേ ദുബായിൽനിന്ന് സ്വർണം കടത്തിയിരുന്നതായി കസ്റ്റംസ് കണ്ടെത്തി.സന്ദീപിനെ ദുബായിൽ ഇടനിലക്കാരനാക്കി റെമീസാണ് തുടക്കംകുറിച്ചത്. ദുബായിൽ വച്ചാണ് പരിചയത്തിലായത്.
2014ൽ ഇബ്രാഹിം ആലുങ്കൽ എന്നയാളിൽനിന്ന് ഡയറക്‌ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) അഞ്ചുകിലോ സ്വർണം പിടികൂടിയിരുന്നു. അയാൾ സന്ദീപ് നായരുടെ കാരിയറായിരുന്നു. 2016ൽ സാബിർ പുഴക്കൽ എന്നയാൾ പ്രവാസിജീവിതം അവസാനിപ്പിച്ച് മടങ്ങിയപ്പോൾ വീട്ടുസാധനങ്ങളെന്ന പേരിൽ 18 കിലാേ സ്വർണം അയച്ചു. ഇതും ഡി.ആർ.ഐ പിടികൂടിയതോടെ റെമീസിന്റെ പങ്ക് പുറത്തുവന്നു. തുടർന്നും നിരവധിതവണ സ്വർണം പിടിച്ചെങ്കിലും സന്ദീപിന്റെ പേര് പുറത്തുവന്നില്ല.
ദുബായിൽ രക്തചന്ദന ബിസിനസ് നടത്തിയിരുന്ന റെമീസ് ആഫ്രിക്കൻ രാജ്യങ്ങളിൽ എത്തുമായിരുന്നു. അതോടെ അവിടത്തെ സ്വർണഖനി മേഖലകളിൽ സ്വാധീനമുണ്ടാക്കി. നിയമപരമായി ദുബായിലെ മാർക്കറ്റുകളിലേക്ക് സ്വർണമെത്തിച്ചു. ഇതിന് കമ്മിഷൻ മാത്രമാണ് ലഭിച്ചിരുന്നത്. അവിടെ നല്ല സ്വാധീനമായതോടെ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലൂടെ സന്ദീപും റെമീസും സ്വർണം കടത്തി.
2011ൽ നെല്ലിയാമ്പതി വനമേഖലയിൽ മാൻവേട്ട കേസിൽ കുടുങ്ങിയ റെമീസിനെ രക്ഷിക്കാൻ ദുബായിൽനിന്ന് സന്ദീപ് കേരളത്തിലെത്തിയിരുന്നു. പിന്നീടാണ് സന്ദീപ് സ്വപ്‌നയും സരിത്തുമായി ബന്ധം സ്ഥാപിക്കുകയും സ്വർണക്കടത്ത് നയതന്ത്രചാനലിലൂടെ മാറ്റിയതും. ഈ സമയം കേരളത്തിലെത്തിക്കുന്ന സ്വർണം വിൽക്കുന്ന ദൗത്യത്തിലേക്ക് റെമീസ് മാറി. റെമീസിന്റെയും സന്ദീപിന്റെയും നേരത്തെയുള്ള സംഘത്തിലുള്ളയാളാണ് പിടിയിലായ മൂവാറ്റുപുഴ സ്വദേശി ജലാൽ. ഇയാളാണ് പണംനിക്ഷേപിക്കാൻ ആളുകളെ കണ്ടെത്തിയിരുന്നത്.
ദുബായിലെയും കേരളത്തിലെയും കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് സന്ദീപാണ്.