കൊച്ചി : വരാപ്പുഴ ചവിട്ടിക്കൊലക്കേസിലെ കുറ്റപത്രത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പിനു നൽകിയ അപേക്ഷ നോർത്ത് പറവൂർ മജിസ്‌ട്രേട്ട് കോടതി നിരസിച്ചതിനെതിരെ മാദ്ധ്യമ പ്രവർത്തകൻ മൈക്കിൾ വർഗീസ് ഹൈക്കോടതിയിൽ ഹർജി നൽകി. വരാപ്പുഴ സ്വദേശി ശ്രീജിത്ത് പൊലീസ് കസ്റ്റഡിയിൽ ക്രൂരമായ മർദ്ദനമേറ്റതിനെത്തുടർന്നാണ് കൊല്ലപ്പെട്ടത്. കേസിന്റെ അന്വേഷണത്തിൽ വീഴ്ചയുണ്ടെന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണ് കുറ്റപത്രത്തിന്റെ പകർപ്പിനായി ഹർജിക്കാരൻ മജിസ്ട്രേട്ട് കോടതിയെ സമീപിച്ചത്. എന്നാൽ കേസുമായി ബന്ധമുള്ള വ്യക്തിയല്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ആവശ്യം നിരസിച്ചെന്നും ഹർജിയിൽ പറയുന്നു.