sw

കൊച്ചി : നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തു കേസിൽ മുഖ്യപ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും പി.എസ്. സരിത്തിനെയും ഒരുമിച്ചു ചോദ്യം ചെയ്യാൻ എൻ.ഐ.എ തയ്യാറെടക്കുന്നു. കസ്റ്റംസ് അറസ്റ്റുചെയ്ത സരിത്തിനെ ഇന്നലെ എറണാകുളത്തെ എൻ.ഐ.എ കോടതിയിൽ ഹാജരാക്കി. തുടർന്ന് എൻ.ഐ.എ അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങി. സ്വപ്നയ്ക്കും സന്ദീപിനുമൊപ്പം സരിത്തിനെയും ജൂലായ് 21 വരെ അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യാൻ കഴിയും. ഇവരുടെ മൊഴി രേഖപ്പെടുത്തിയശേഷം മുൻ ഐ.ടി സെക്രട്ടറി എം. ശിവശങ്കറിനെ ചോദ്യം ചെയ്തേക്കും. അതേസമയം ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യാൻ സാദ്ധ്യതയുണ്ട്.

 സ്വപ്നയുടെ കാർ കോടതിയിൽ

തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് കടക്കാൻ സ്വപ്നയും സന്ദീപും ഉപയോഗിച്ച കാർ ഇന്നലെ എൻ.ഐ.എ കോടതിയിൽ എത്തിച്ചു. സ്വപ്നയും കുടുംബവും സന്ദീപിനൊപ്പം ബംഗളൂരുവിലേക്ക് പോയതിന്റെ വിവരങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇന്നലെ കസ്റ്റംസ് അറസ്റ്റുചെയ്ത മലപ്പുറം സ്വദേശികളായ അബൂബക്കർ പഴീടത്ത്, പി.എം. അബ്ദുൾ ഹമീദ് എന്നിവരെ സാമ്പത്തിക കുറ്റവിചാരണയുടെ ചുമതലയുള്ള അഡി. സി.ജെ.എം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.