ആലങ്ങാട്: കൊവിഡ് രോഗികളുടെ വ്യാപനം കണ്ടെത്തുന്നതിനായി കളമശേരി മെഡിക്കൽ കോളേജ് സംഘത്തിന്റെയും ആലങ്ങാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ സ്രവ പരിശോധന ക്യാമ്പ് നടത്തി. കരിങ്ങാംതുരുത്ത് എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പിൽ പൊസിറ്റീവ് രോഗികളുടെ സമ്പർക്ക പട്ടികയിൽപ്പെട്ട 45 പേരുടെ സ്രവങ്ങളാണ് പരിശോധനക്കായി ശേഖരിച്ചത്. കരുമാല്ലൂർ പഞ്ചായത്തിലെ നാലാം വാർഡിൽ ചികിത്സയിലുള്ള രോഗി കരിങ്ങാംതുരുത്തിലെ ഒരു മരണ വീട് സന്ദർശിച്ചതിനെ തുടർന്നാണ് പരിശോധന വേണ്ടി വന്നത്.ഇയാളുമായി ഈ പ്രദേശത്തെ നിരവധി പേർ സമ്പർക്കത്തിൽ ഉൾപ്പെട്ടതായി വ്യക്തമായിരുന്നു. കരിങ്ങാംതുരുത്ത് പ്രദേശത്തെ 20, 21 വാർഡുകളിലെ ജനപ്രതിനിധി ഉൾപ്പടെയുള്ളവരുടെ സ്രവങ്ങളാണ് സാമ്പിൾ പരിശോധനക്കായി ശേഖരിച്ചത്. ഡോ. അജയ് ബാബു, ഡോ. പി. രേണുക, ഹെൽത്ത് ഇൻസ്‌പെക്ടർ മുരളീധരൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.