മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരത്തോട് ചേർന്ന് കിടക്കുന്ന വാളകം ഗ്രാമപഞ്ചായത്തിൽ കൊവിഡ് -19 സ്ഥിരീകരിച്ചതോടെ പഞ്ചായത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കാൻ വാളകം പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ നടന്ന ഉന്നതതല യോഗം തീരുമാനിച്ചു.
യോഗം എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ലീല ബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.അരുൺ, ആർ.ഡി.ഒ. ചന്ദ്രശേഖരൻ നായർ കെ, സി.ഐ. എം.എ മുഹമ്മദ്, തഹസീൽദാർ കെ.എസ്.സതീശൻ, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് അജ്മൽ ചക്കുങ്ങൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ബാബു ഐസക്ക്, ഒ.സി.ഏലിയാസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു വെളിയത്ത്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എ.രാജു തുടങ്ങിയവർ പങ്കെടുത്തു.
കൊവിഡ് സ്ഥിരീകരിച്ചത് പൊലീസുകാരന്
വാളകം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ പൊലീസുകാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് ജോലിചെയ്യുന്ന ഉദ്യോഗസ്ഥൻ ഈമാസം ഏഴിനാണ് നാട്ടിലെത്തിയത്. കൊവിഡ് ലക്ഷണങ്ങളെ തുടർന്ന് ഇദ്ദേഹത്തിനെ കൊവിഡ് ടെസ്റ്റിന് വിധേയമാക്കുകയായിരുന്നു. ഇയാളുടെ പരിശോധന ഫലം പോസ്റ്റീവായതോടെയാണ് ഇയാളുമായി ബന്ധപ്പെട്ടവരുടെ ലിസ്റ്റ് ആരോഗ്യ വകുപ്പ് തയ്യാറാക്കിയത്. കുടുംബാംഗങ്ങൾ ഉൾപ്പടെ എട്ട് പേരാണ് പ്രൈമറി കോണ്ടാടാക്ട് ലിസ്റ്റിലുളളത്. സെക്കൻഡറി കോണ്ടാക്ട് ലിസ്റ്റിൽ 28 പേരെയും ആരോഗ്യ വിഭാഗം കണ്ടെത്തി കോറന്റൈയിനിൽ ആക്കിയിട്ടുണ്ട്.
അമ്പലംപടി കവല അടച്ചിടും
പഞ്ചായത്തിൽ പൊതുജനങ്ങളുടെ അറിവിനായി പഞ്ചായത്തിൽ മൈക്ക് പ്രചാരണം നടത്താനും വാർഡ് ജാഗ്രതസമിതികൾ ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനും വാർഡിനോട് ചേർന്നുള്ള അമ്പലംപടി കവല അടച്ചിടാനും യോഗത്തിൽ തീരുമാനിച്ചു.പഞ്ചായത്തിലെ മുഴുവൻ ഹോട്ടലുകളിലും പാഴ്സൽ സർവീസ് മാത്രമാക്കും.
നിയന്ത്രണം കടുപ്പിച്ചു
പഞ്ചായത്തിലെ കണ്ടെയ്മെന്റ് സോൺ ഒഴികെയുളള പ്രദേശങ്ങളിൽ രാവിലെ ആറ് മുതൽ വെെകിട്ട്ഏഴ് വരെ മാത്രമേ വ്യാപാര സ്ഥാപനങ്ങൾക്ക് പ്രവർത്തന അനമുമതിയുളളു.