kappa
കപ്പക്കച്ചവടം

കൊച്ചി: കൊവിഡ് പ്രതിസന്ധി മറികടക്കാൻ കാർഷികോത്പ്പന്നങ്ങൾ വഴിയോര വാണിഭവത്തിനിറക്കിയിട്ടും കർഷകരുടെ ദുരിതം അവസാനിക്കുന്നില്ല. വിളകൾക്ക് വിലയുമില്ല, വാങ്ങാൻ ആളുമില്ലെന്നതാണ് അവസ്ഥ.

കപ്പ, ചക്ക, കൈതച്ചക്ക, റമ്പുട്ടാൻ, പച്ചക്കറികൾ, തേങ്ങ, കോഴിമുട്ട എന്നിവയ്ക്കൊപ്പം ഉപ്പേരിയും എണ്ണപ്പലഹാരങ്ങളുമൊക്കെയായി നിരവധി ചെറുകിട കർഷകരും തൊഴിലാളികളുമാണ് ഉപജീവനമാർഗം തേടി തെരുവോരങ്ങളിൽ കാത്തിരിക്കുന്നത്.

സംസ്ഥാനത്തെ പ്രധാന പാതകളിലെല്ലാം ഇത്തരം വ്യാപാരം സജീവമാണ്. യാത്രക്കാർ കുറവായതും സ്വകാര്യ വാഹനങ്ങളിൽ സഞ്ചരിക്കുന്ന അത്യാവശ്യക്കാർ അതിവേഗം കടന്നുപോകുന്നതും മൂലം തങ്ങളുടെ ഉത്പന്നങ്ങൾ മുഴുവനും വിറ്റഴിക്കാനാകുന്നില്ലെന്നാണ് കച്ചവടക്കാരുടെ പരിഭവം. പകലന്തിയോളം പാതയോരത്ത് കണ്ണുംനട്ട് കാത്തിരുന്നാലും വട്ടച്ചെലവിന് പോലും കച്ചവടം നടക്കാത്ത ദിവസങ്ങളാണേറെയും. അടുത്ത പ്രഭാതത്തിലും പ്രതീക്ഷയോടെ എത്തുകയാണവർ.

പച്ചക്കപ്പക്ക് വിലയിടിഞ്ഞു

മലയാളിയുടെ ഇഷ്ടവിഭവമായ പച്ചക്കപ്പക്കുപോലും ആവശ്യക്കാർ കുറവാണ്. കൊറോണക്ക് മുമ്പ് കിലോയ്ക്ക് 25 മുതൽ 30 രൂപ വരെ വിലയുണ്ടായിരുന്ന പച്ചക്കപ്പ ഇപ്പോൾ 20 രൂപയ്ക്ക് വിറ്റിട്ടും വാങ്ങാൻ ആളില്ല. കർഷകരിൽ നിന്ന് 12 രൂപ നിരക്കിൽ വാങ്ങുന്ന കപ്പയാണ് മറ്റു ചെലവുകളും വണ്ടിക്കൂലിയും ചെറിയലാഭവും ചേർത്ത് 20 രൂപയ്ക്ക് വിൽക്കുന്നത്. അതേസമയം കർഷകർ നേരിട്ട് ചില്ലറവില്പന നടത്തുമ്പോൾ വില പിന്നെയും താഴും. കപ്പയും പച്ചക്കറികളും തേങ്ങയുമെല്ലാം 100 രൂപയുടെ യൂണിറ്റുകളാക്കിയാണ് വില്പന. കർഷകരിൽ നിന്ന് വാങ്ങിക്കൊണ്ടുവന്ന് വിൽക്കുന്നവർ 100 രൂപയ്ക്ക് 5 കിലോ കപ്പ കൊടുക്കുമ്പോൾ ചില കർഷകർ 7 കിലോ വരെയാണ് നൽകുന്നത്. എന്നിട്ടും വാങ്ങാൻ ആളുകൾ കുറവാണ്.

ആറുതേങ്ങക്ക് 100 രൂപ

തേങ്ങയും കൈതച്ചക്കയുമൊക്കെ ഇതേ അവസ്ഥയിലാണ്. വലിപ്പമനുസരിച്ച് 5 മുതൽ 6 തേങ്ങ വരെയാണ് 100 രൂപയ്ക്ക് വിൽക്കുന്നത്. കഴിഞ്ഞവർഷം 30 മുതൽ 40 രൂപവരെ വിലയുണ്ടായിരുന്ന കൈതച്ചക്ക ഇപ്പോൾ 12 രൂപയ്ക്കു പോലും വാങ്ങാൻ ആളില്ല. ഏത്തക്കയും ചക്കയുമൊക്കെ വറുത്ത് അര കിലോ പാക്കറ്റുകളിലാക്കിയാണ് വിൽക്കുന്നത്. അരകിലോ ഉപ്പേരിക്കും 100 രൂപയാണ് വില. കോഴിമുട്ട 30 എണ്ണവും താറാവ് മുട്ട 15 എണ്ണവും 100 രൂപയ്ക്ക കിട്ടും. എന്നിട്ടും വഴിയോര വിപണി ക്ലച്ചുപിടിക്കുന്നില്ല.