clare

വൈപ്പിൻ: കുഴുപ്പിള്ളി എസ്.ഡി കോൺവെന്റിലെ കന്യാസ്ത്രീയുടെ മരണം കൊവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ ബുധനാഴ്ച മരിച്ച സിസ്റ്റർ ക്ലെയറിനാണ് (73) മരണശേഷം കൊവിഡ് സ്ഥിരീകരിച്ചത്. മൃതദേഹം കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ഇന്നലെ ആലുവ ചുണങ്ങംവേലിയിൽ സംസ്കരിച്ചു. കാഞ്ഞൂർ എടക്കാട്ട് സ്വദേശിയായ സിസ്റ്റർ രണ്ടരവർഷമായി കുഴുപ്പിള്ളി മഠത്തിലെ അന്തേവാസിയാണ്. ഹൃദയസംബന്ധമായ അസുഖത്തിനും പ്രമേഹത്തിനും ചികിത്സയിലായിരുന്നു. പനിയെത്തുടർന്നാണ് പഴങ്ങനാട് സമിരിട്ടൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കന്യാസ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയിലെ ഡോക്ടറും നഴ്‌സുമാരും നിരീക്ഷണത്തിലായി. മഠത്തിലെ ആറു കന്യാസ്ത്രീകൾ, ജോലിക്കാർ, പള്ളിയിലെ പുരോഹിതൻ, കപ്യാർ, ആശുപത്രിയിലേക്ക് സിസ്റ്ററെ അനുഗമിച്ച കുഴുപ്പിള്ളി പഞ്ചായത്ത് അംഗം ഉൾപ്പെടെ പതിനേഴുപേർ നിരീക്ഷണത്തിലാണ്. പഞ്ചായത്ത് അംഗം പഞ്ചായത്ത് ഓഫീസിൽ പോയതിനാൽ അന്ന് അവിടെയുണ്ടായിരുന്ന ജീവനക്കാരും നിരീക്ഷണത്തിലായി. മഠത്തിലെ കന്യാസ്ത്രീകൾക്കൊപ്പം വൈക്കത്തെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയവരും ട്രാവലർ ഓടിച്ച ചെറായിയിലെ ഡ്രൈവറും നിരീക്ഷണത്തിലാണ്.