കൊച്ചി: മുൻ മന്ത്രിയും സി.പി.എം നേതാവുമായ ടി.കെ.രാമകൃഷ്ണന് എറണാകുളം ബോട്ടു ജെട്ടിയോട് ചേർന്നുള്ള സ്ഥലത്ത് സ്മാരകം നിർമ്മിക്കാനുള്ള നീക്കത്തെ ചൊല്ലി കൗൺസിലിൽ ബഹളം. തീരദേശപരിപാലന നിയമങ്ങൾ ലംഘിച്ചുകൊണ്ട് നിർമ്മാണത്തിന് അനുമതി നൽകിയതിനെ കുറിച്ച് അന്വേഷിക്കുന്നതിന് മേയർ സൗമിനി ജെയിൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി. സാംസ്കാരിക മന്ത്രിയായിരുന്ന ടി.കെ രാമകൃഷ്നന് സ്മാരകം നിർമ്മിക്കുന്നതിനോട് എതിർപ്പില്ല. അതിന്റെ രാഷ്ട്രിയത്തിലേക്കും കടക്കുന്നില്ല. 15 സെന്റ് സ്ഥലത്തു കൂടി റോഡുണ്ടെന്ന മുൻ സെക്രട്ടറിയുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ സ്ഥലം ഏറ്റെടുത്തത്. സ്ഥലം സന്ദർശിച്ച് സത്യാവസ്ഥ മനസിലാക്കും. ഇവിടെ അനധികൃതമായി പ്രവർത്തിക്കുന്ന ഡി.ടി.പി.സി ഓഫീസുകൾ അടച്ചുപൂട്ടുന്നതിന് നോട്ടീസ് നൽകും. നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലം തിരിച്ചു നൽകണമെന്ന് സർക്കാരിന് കത്തെഴുതുമെന്നും മേയർ പറഞ്ഞതോടെ പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചു.ബഹളം രൂക്ഷമായതോടെ അജണ്ടകൾ പാസായതായി പ്രഖ്യാപിച്ച് മേയർ സഭാനടപടികൾ അവസാനിപ്പിച്ചു.

ടി.കെ.രാമകൃഷ്ണന് സ്മാരം പണിയേണ്ടത് അദ്ദേഹത്തിന്റെ പ്രവർത്തന കേന്ദ്രമായിരുന്ന തൃപ്പൂണിത്തുറയിലാണെന്ന് കൗൺസിലർ എ.ബി.സാബു ചൂണ്ടിക്കാട്ടി. നിയമവിരുദ്ധമായ നിർമ്മാണം നേതാവിനെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കെ.വി.പി കൃഷ്ണകുമാർ പറഞ്ഞു.

ഇടപ്പള്ളിയിൽ നെൽവയൽ എന്ന് രേഖപ്പെടുത്തിയിട്ടുള്ള 35 സെന്റ് സ്ഥലത്ത് കെട്ടിട നിർമ്മാണത്തിന് പെർമിറ്റ് നൽകിയതിൽ അഴിമതിയുണ്ടെന്ന പ്രതിപക്ഷ ആരോപണം മേയർ നിഷേധിച്ചു. ഇക്കാര്യത്തിൽ യാതൊരു വീഴ്ചയുമുണ്ടായിട്ടില്ലെന്ന് മേയർ പറഞ്ഞു. ഈ വിഷയങ്ങൾ കൗൺസിലിന്റെ പരിഗണനയ്ക്ക് വരുന്നതല്ല. കൺവേർഷൻ ഫീസ് വാങ്ങേണ്ടത് സർക്കാരാണ്. സർക്കാരിന് കൺവേർഷൻ ഫീസ് നൽകാതെ തന്നെ ബിൽഡിംഗ് പെമിറ്റ് നൽകാമെന്ന കോടതി വിധിക്കെതിരെ അപ്പീൽ നൽകേണ്ടിയിരുന്നത് റവന്യു ഓഫീസർ കൂടിയായ കളക്ടറാണെന്ന് മേയർ ചൂണ്ടിക്കാട്ടി. അതേസമയം മേയർ അദ്ധ്യക്ഷയായ ലോക്കൽ ലാൻഡ് മോണിറ്ററിംഗ് കമ്മിറ്റി നെൽവയൽ കരഭൂമിയായെന്ന് റിപ്പോർട്ട് നൽകുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് കെ.ജെ.ആന്റണിയും ബനഡിക്ട് ഫെർണാണ്ടസും പറഞ്ഞു. നഗരസഭ സാമ്പത്തിക അച്ചടക്കം പാലിക്കുന്നില്ലെന്നും കുടിശിക 150 കോടി കടന്നതോടെ കരാറുകാർ ഡിവിഷനിലെ ജോലികൾ ഏറ്റെടുക്കാൻ തയ്യാറാകുന്നില്ലെന്നും കൗൺസിലർ സി.എ പീറ്റർ കുറ്റപ്പെടുത്തി