bar

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി പി.എസ്. സരിത്തിന്റെ അഭിഭാഷകനും തിരുവനന്തപുരം വട്ടപ്പാറ സ്വദേശിയുമായ കെ. കേസരി കൃഷ്‌ണൻ നായർക്ക് കേരള ബാർകൗൺസിൽ കാരണം കാണിക്കൽ നോട്ടീസ് നൽകി. കക്ഷിയെന്ന നിലയിൽ സരിത്തു പറഞ്ഞ വിവരങ്ങൾ കേസരി കൃഷ്‌ണൻ നായർ വെളിപ്പെടുത്തിയത് തൊഴിൽപരമായ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നാരോപിച്ചാണ് ബാർ കൗൺസിൽ നടപടിക്കൊരുങ്ങുന്നത്.

കഴിഞ്ഞദിവസം ടി.വി ചാനലിനു നൽകിയ അഭിമുഖത്തിൽ നിയമോപദേശം തേടി സരിത്ത് സമീപിച്ചതും താൻ നൽകിയ നിയമോപദേശങ്ങളും കേസിന്റെ വിവരങ്ങളും അഭിഭാഷകൻ വെളിപ്പെടുത്തിയിരുന്നു. ഇതു ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ബാർ കൗൺസിൽ സ്വമേധയാ നടപടിക്ക് തുടക്കമിട്ടത്. അച്ചടക്ക നടപടിയെടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ നോട്ടീസ് ലഭിച്ച് രണ്ടാഴ്‌ചയ്ക്കുള്ളിൽ മറുപടി നൽകണം.