ആലുവ: വീട്ടിൽ കിടന്നുറങ്ങിയ മദ്ധ്യവയസ്കൻ മരിച്ച നിലയിൽ. തുടർന്ന് നടത്തിയ പരിശോധനയിൽ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. കീഴ്മാട് ജി.ടി.എൻ കൃപക്ക് സമീപം കളങ്ങര വീട്ടിൽ രാജീവൻ (52) ആണ് മരിച്ചത്. വ്യാഴാഴ്ച്ച രാവിലെ 11 മണിയോടെയാണ് രാജീവൻ വീട്ടിൽ കിടന്ന് ഉറങ്ങിയത്. വൈകിയിട്ടും ഉറക്കമുണരാതിരുന്നതിനെത്തുടർന്ന് ബന്ധുക്കൾ നോക്കുമ്പോൾ അനക്കമില്ലാതിരുന്നു. ആലുവ ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് മരിച്ചെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് ഇന്നലെ കൊവിഡ് പരിശോധന നടത്തിയപ്പോഴാണ് പോസറ്റീവാണെന്ന് തിരിച്ചറിഞ്ഞത്. നേരത്തെ വിദേശത്തായിരുന്ന രാജീവൻ നാട്ടിൽ തിരികെയെത്തിയിട്ട് വർഷങ്ങളായി .
കൊവിഡ് പോസ്റ്റീവാണെന്ന് വ്യക്തമായതിനെ തുടർന്ന് ഇദ്ദേഹവുമായി സമ്പർക്കമുണ്ടായിരുന്നവരോട് നിരീക്ഷണത്തിൽ പ്രവേശിക്കാൻ പഞ്ചായത്ത് ആരോഗ്യവിഭാഗം നിർദേശിച്ചിട്ടുണ്ട്. ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം കൊവിഡ് മാനദണ്ഡം പാലിച്ച് സംസ്കരിക്കും. ഭാര്യ: ബിന്ദു. മകൻ: പ്രണവ്.