കൊച്ചി: ശസ്ത്രക്രിയക്ക് പി നൾ എന്ന അപൂർവ ഗ്രൂപ്പ് രക്തം ലഭിക്കാൻ കാത്തിരുന്ന അഞ്ചു വയസുകാരി അനുഷ്‌കയ്ക്ക് മഹാരാഷട്രയിലെ നാസിക്കിൽ നിന്ന് ദാതാവിനെ കണ്ടെത്തി. കുഞ്ഞിന്റെ ആരോഗ്യസ്ഥിതി പരിശോധിച്ചശേഷം രണ്ടാംഘട്ട ശസ്ത്രക്രിയ നടത്തും.

കഴിഞ്ഞദിവസം ആദ്യഘട്ട ശസ്ത്രക്രിയ നടത്തിയിരുന്നു. കുട്ടിയുടെ തന്നെ രക്തം സമാഹരിച്ചാണ് ശസ്ത്രക്രിയ നടത്തിയത്. തലയോട്ടിയുടെ ഭാഗങ്ങൾ ചേർക്കുക എന്നുള്ളതാണ് അടുത്തഘട്ടം. അതിനാണ് രക്തം ആവശ്യമായിരുന്നത്. രക്തം കണ്ടെത്താൻ അന്താരാഷ്ട്ര തലത്തിൽ അന്വേഷണം നടത്തിയിരുന്നു. ഈമാസം അഞ്ചിനാണ് ബ്ലഡ് ഡോണേഴ്‌സ് കേരളയുടെ ഫെയ്‌സ്ബുക്കിൽ 'പി നൾ' ഗ്രൂപ്പിലുള്ള രക്തം ആവശ്യപ്പെട്ട് പോസ്റ്റ് ചെയ്തത്. ഇത് സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കപ്പെട്ടു.

കഴിഞ്ഞദിവസം നാസിക് സ്വദേശി രക്തം നൽകാൻ സന്നദ്ധത അറിയിച്ചു. മുംബയിലെ ആശുപത്രിയിലെത്തി രക്തം നൽകി. തുടർന്ന് വിമാനമാർഗം നെടുമ്പാശേരി വിമാനത്താവളം വഴി അമൃത ആശുപത്രിയിലെത്തിച്ചു.

ഗുജറാത്തിൽ താമസിക്കുന്ന മലപ്പുറം സ്വദേശി സന്തോഷിന്റെ മകളാണ് അനുഷ്‌ക. ഒരുവർഷം മുൻപ് ഗുജറാത്തിൽ കെട്ടിടത്തിന്റെ മുകളിൽ നിന്നുവീണ് തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. ശസ്ത്രക്രിയക്ക് ശേഷം അണുബാധയുണ്ടായതോടെ അനുഷ്‌കയെ അമൃതയിൽ എത്തിക്കുകയുമായിരുന്നു.