കോലഞ്ചേരി: കൊവിഡ് പ്രതിരോധ മാനദണ്ഡം ലംഘിച്ചതിന് യു.ഡി.എഫ് കൺവീനർക്കും എം.എൽ.എയ്ക്കുമെതിരെ പൊലീസ് കേസെടുത്തു. കുന്നത്തുനാട്ടിലെ മഴുവന്നൂർ പഞ്ചായത്തോഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ പങ്കെടുത്ത യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ എം.പി, വി.പി. സജീന്ദ്രൻ എം.എൽ. എ, പഞ്ചായത്ത് പ്രസിഡന്റ് അമ്മുക്കുട്ടി സുദർശനൻ അടക്കം 18 പേർക്കെതിരെയാണ് കേസെടുത്തത്. ഇന്നലെ രാവിലെ നടന്ന പരിപാടിയിൽ നൂറിലധികം പേർ പങ്കെടുത്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനു ഇ വർഗീസ്, ഡി.സി.സി സെക്രട്ടറി എം.ടി. ജോയി , കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.വി. എൽദോ, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനീഷ് പുല്ലാട്ടേൽ, മഴുവന്നൂർ പഞ്ചായത്തംഗങ്ങളായ അരുൺ വാസു, സ്ലീബ വർഗീസ് എന്നിവരുൾപ്പടെ കേസിൽ പ്രതികളാണ്. സി.പി.എം ജില്ലാ കമ്മിറ്റിഅംഗം അഡ്വ.കെ.എസ്. അരുൺകുമാർ നൽകിയ പരാതിയിലാണ് നടപടി.യോഗത്തിൽ പങ്കെടുത്ത മുഴുവൻ പേരെയും കണ്ടെത്താൻ അന്വേഷണം തുടങ്ങിയതായി കുന്നത്തുനാട് പൊലീസ് ഇൻസ്പെക്ടർ വി.ടി. ഷാജൻ പറഞ്ഞു.