കിഴക്കമ്പലം: തൃപ്പൂണിത്തുറ കൺട്രോൾ റൂമിലെ വൈക്കം സ്വദേശിയായ പൊലീസ് ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹം ഓടിച്ച വാഹനത്തിലുണ്ടായിരുന്ന മൂന്നുപൊലീസുകാർ ക്വാറന്റൈനിലായി. ഇവരുടെ വാഹനമെത്തിയ അമ്പലമേട് സ്റ്റേഷനിലെ രണ്ട് പൊലീസുകാർ നിരീക്ഷണത്തിലുമാണ്. വാഹനം സ്റ്റേഷനിൽ എത്തിയപ്പോഴുണ്ടായ സമ്പർക്കത്തെ തുടർന്നാണ് അമ്പലമേട്ടിൽനിന്ന് രണ്ടുപേർ നിരീക്ഷണത്തിൽ പോകാനിടയായത്.

ഇദ്ദേഹത്തിന്റെ ഭാര്യ എഴുപുന്നയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു. നേരത്തെ അവിടെ ചില ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ അവർ ക്വാറന്റൈനിൽ പോയിരുന്നു. ഭാര്യയോടൊപ്പം ക്വാറന്റൈനിൽ പോയ ഇദ്ദേഹം കാലാവധിക്കുശേഷം തിരിച്ച് ജോലിയിൽ പ്രവേശിച്ചു. എന്നാൽ കഴിഞ്ഞദിവസം നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ സമ്പർക്കപ്പട്ടികയിൽ 30 ലധികം പേരുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക കണക്ക്.