കൊച്ചി: പ്ലസ്‌വൺ പ്രവേശന നടപടികൾ ആരംഭിക്കുമ്പോൾ പുതിയ ദൗത്യവുമായി നാഷണൽ സർവീസ് സ്‌കീം (എൻ.എസ്.എസ്) പ്രവർത്തകർ സ്‌കൂളുകളിലുണ്ടാവും. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് സൗജന്യമായി ഓൺലൈൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സഹായിക്കുകയാണ് ലക്ഷ്യം. ഏകജാലക പ്രവേശനം സുഗമമാക്കാൻ 'പ്ലസ് ടു ഫസ്റ്റ് സ്റ്റെപ്പ് എന്ന പദ്ധതിയുടെ ഭാഗമായാണിത്.
സംസ്ഥാനത്ത് 1,132 ഹയർ സെക്കൻഡറി സ്‌കൂളുകളിലായാണ് എൻ.സി.സി. യൂണിറ്റുകൾ പ്രവർത്തിക്കുന്നത്. ഒരോ യൂണിറ്റിലും അമ്പതോളം അംഗങ്ങളുണ്ട്. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനായി എല്ലാ ഉപജില്ലകളിലേയും കരിയർ ഗൈഡൻസ് കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും പ്രവർത്തിക്കുക. സ്‌കൂളുകളിലെ വിദ്യാർത്ഥികളുടെ അടിസ്ഥാനത്തിലാവും സേവനം. യൂണിറ്റുകൾ ഇല്ലാത്ത സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് എൻ.എസ്.എസ് യൂണിറ്റുള്ള തൊട്ടടുത്ത സ്‌കൂളുകളിൽ സൗകര്യമുണ്ടാകും. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരുടെയും അദ്ധ്യാപകരുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.
മുൻ വർഷങ്ങളിൽ അക്ഷയ സെന്ററുകൾ വഴിയാണ് വിദ്യാർത്ഥികൾ അപേക്ഷ സമർപ്പിച്ചിരുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ അക്ഷയ സെന്ററുകളിൽ വിദ്യാർത്ഥികൾകൂടി എത്തിയാൽ തിരക്ക് ക്രമാതീതമായി വർദ്ധിക്കും. ഇതു മുന്നിൽകണ്ടാണ് എൻ.എസ്.എസ് രംഗത്തെത്തിയത്. വിദ്യാർത്ഥികൾക്ക് ഇതിന് പ്രവേശന നടപടികളെ സംബന്ധിച്ച് പരിശീലനം നൽകും.
24 മുതൽ സേവനം ലഭ്യം
പ്ലസ് വൺ ഓൺലൈൻ പ്രവേശന നടപടികൾ ആരംഭിക്കുന്ന 24 മുതൽ സേവനം ലഭ്യമാകും. സ്‌കൂളുകളിലെ വിദ്യാർത്ഥികളുടെ കണക്കനുസരിച്ച് അപേക്ഷ സമർപ്പിക്കാൻ എത്തേണ്ട സമയം മുൻകൂട്ടി അറിയിച്ച് ടോക്കൺ നൽകും. ഇതോടെ തിരക്കില്ലാതെ പ്രവേശന നടപടികൾ പൂർത്തിയാക്കാൻ സാധിക്കും.
രക്ഷിതാക്കൾക്ക് ആശ്വാസം
കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിയിൽ സൗജന്യമായി പദ്ധതി നടപ്പാക്കുന്നതിലൂടെ രക്ഷിതാക്കൾക്ക് ആശ്വാസമാവും. ഒരു അപേക്ഷ അയക്കണമെങ്കിൽ സാധാരണ ഗതിയിൽ 50 മുതൽ 100 രൂപ വരെ ചെലവ് വരും. ഓരോ സ്‌കൂളിലും ഇന്റർനെറ്റും കമ്പ്യൂട്ടർ സൗകര്യവുമുള്ളതിനാൽ സൗജന്യമായി അപേക്ഷ സമർപ്പിക്കാൻ വിദ്യാർത്ഥികൾക്ക് കഴിയും.
സുഗതൻ
റീജിയണൽ കോ ഓർഡിനേറ്റർ
ഹയർ സെക്കൻഡറി വിഭാഗം
എൻ.എസ്.എസ്