film-shoot

കൊച്ചി: കൊവിഡ് ഭീതിയെ തുടർന്ന് നിറുത്തിവച്ചിരുന്ന മലയാള സിനിമയുടെ രജിസ്ട്രേഷൻ ആഗസ്റ്റ് ഒന്നു മുതൽ ആരംഭിക്കാനൊരുങ്ങി കേരള ഫിലിം ചേംബർ. ഇതിനായി ജൂലായ് 29 ന് ചേംബർ ഓൺലൈനിൽ യോഗം ചേരും. കൊവിഡിനുശേഷമുള്ള സിനിമാ ചിത്രീകരണത്തിൽ കാതലായ മാറ്റങ്ങളുണ്ടാക്കുന്ന തീരുമാനങ്ങൾ യോഗത്തിലുണ്ടായേക്കും. ഇന്ത്യയിൽ ഏതെങ്കിലുമൊരു ഫിലിം ചേംബറിൽ സിനിമ രജിസ്റ്റർ ചെയ്താൽ നിർമ്മാണം ആരംഭിക്കാം. കേരള ഫിലിം ചേംബറിൽ രജിസ്ട്രേഷൻ തുടങ്ങിയില്ലെങ്കിൽ നിർമ്മാതാക്കൾക്ക് ചെന്നൈയിലെ സൗത്ത് ഇന്ത്യൻ ഫിലിം ചേംബറിൽ രജിസ്റ്റർ ചെയ്യാം. അതുവഴി രജിസ്ട്രേഷൻ ഫീസിനത്തിൽ വലിയ നഷ്ടം കേരള ഫിലിം ചേംബറിനുണ്ടാകും. അതുകൊണ്ടാണ് ആഗസ്റ്റിൽ രജിസ്ട്രേഷൻ ആരംഭിക്കണമെന്ന ആലോചന മുറുകിയത്.

ലോക്ക് ഡൗൺ പ്രഖ്യാപിക്കപ്പെട്ട ശേഷം ഏപ്രിൽ മുതലാണ് കേരള ഫിലിം ചേംബർ പുതിയ സിനിമകളുടെ രജിസ്ട്രേഷൻ നിറുത്തിയത്. ജനുവരി മുതൽ മാർച്ച് വരെ 40 സിനിമകൾ രജിസ്റ്റർ ചെയ്തിരുന്നു. ഒരു സിനിമയുടെ ബഡ്‌ജറ്റ് അടങ്ങുന്ന പ്രോജക്ട് റിപ്പോർട്ട്, സംവിധായകൻ, പ്രധാന താരങ്ങൾ, സാങ്കേതികപ്രവർത്തകർ തുടങ്ങിയവരുടെ കരാർ പകർപ്പ് സഹിതമാണ് ചേംബറിൽ രജിസ്റ്റർ ചെയ്യേണ്ടത്. 25,000 രൂപയും ജി.എസ്.ടിയുമാണ് രജിസ്ട്രേഷൻ ഫീസ്. ഇതിലൂടെ ഒരു പുതിയ നിർമ്മാതാവിന് ചേംബറിൽ അംഗത്വവും ലഭിക്കും. ഒരു വർഷത്തിനുള്ളിൽ സിനിമ ചിത്രീകരിച്ചില്ലെങ്കിൽ രജിസ്ട്രേഷൻ പുതുക്കണം. എന്നാൽ, അതിന് ഫീസില്ല. ലോക്ക് ഡൗണിനെ തുടർന്ന് നിറുത്തിവയ്ക്കേണ്ടിവന്ന സിനിമകളുടെ ഷൂട്ടിംഗ് പൂർത്തിയാക്കിയിട്ട് മതി പുതിയ ചിത്രങ്ങൾ ആരംഭിക്കുന്നതെന്ന് നിർമ്മാതാക്കൾ നിർദ്ദേശിച്ചിരുന്നു. ഇത് രജിസ്ട്രേഷനെ ബാധിക്കില്ലെന്ന പ്രതീക്ഷയിലാണ് ചേംബർ അധികൃതർ.

പുതിയ തീരുമാനങ്ങൾ വരും

"കൊവിഡ് ഭീഷണിയെ അതിജീവിക്കാനുള്ള നിരവധി മാർഗങ്ങൾ ചർച്ച ചെയ്യാനാണ് യോഗം വിളിച്ചിരിക്കുന്നത്. മലയാളസിനിമയിൽ അടിമുടി മാറ്റം ഉണ്ടാക്കുന്ന, എല്ലാവരും പിന്തുണയ്ക്കുന്ന തീരുമാനങ്ങൾ ഉണ്ടാകാനാണ് സാദ്ധ്യത."

കെ. വിജയകുമാർ

പ്രസിഡന്റ്

കേരള ഫിലിം ചേംബർ