അങ്കമാലി: ഏഴാറ്റുമുഖം പ്രകൃതിഗ്രാമത്തിന്റെ രണ്ടാംഘട്ട നവീകരണപ്രവർത്തികൾക്കായി 98.18 ലക്ഷം രൂപ അനുവദിച്ചതായി റോജി എം. ജോൺ എം.എൽ.എ അറിയിച്ചു. പ്രകൃതി ഗ്രാമത്തിന്റെ ഒന്നാംഘട്ട നവീകരണ പ്രവർത്തികൾക്കായി അമ്പത് ലക്ഷം രൂപ അനുവദിച്ച് പ്രവർത്തികൾ പൂർത്തീകരിച്ചിരുന്നു. ഇവിടെ കൂടുതൽ സൗകര്യങ്ങൾ സന്ദർശകർക്ക് ഒരുക്കുന്നതിനായി എം.എൽ.എ മുൻകൈയെടുത്ത് പുതിയ രൂപരേഖ ടൂറിസം വകുപ്പിന്റെ ഭരണാനുമതിക്കായി സമർപ്പിക്കുകയായിരുന്നു. ഇൻഫർമേഷൻ കിയോസ്‌ക് സ്ഥാപിക്കൽ, പുഴയോട് ചേർന്ന ഭാഗത്ത് സംരക്ഷണഭിത്തി നിർമ്മാണം, ചുറ്റുമതിൽ നിർമ്മാണം, ടോയ്‌ലറ്റ് ബ്ലോക്ക്, സി.സി.ടി.വി കാമറ സ്ഥാപിക്കൽ, മാലിന്യ നിർമ്മാർജ്ജന സൗകര്യം ഒരുക്കൽ, വാക്ക്‌വേ, റാമ്പ് എന്നിവയുടെ നിർമ്മാണം, അത്യാവശ്യ അറ്റകുറ്റപ്പണികൾ എന്നിവയാണ് രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിനാണ് നിർവാഹണ ചുമതല.