socialissu
വടമുക്ക് പാലത്തിന് സമീപം റോഡിന്റെ സംരക്ഷണ ഭിത്തി തകർന്നത് എൽദോ എബ്രഹാം എം.എൽ.എ സന്ദർശിക്കുന്നു

മൂവാറ്റുപുഴ: അമ്പലംപടി-വീട്ടൂർ റോഡിലെ പായിപ്ര ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ വടമുക്ക് പാലത്തിന് സമീപം റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞത് പുനർനിർമ്മിക്കുന്നതിന് നടപടിയായതായി എൽദോ എബ്രഹാം എം.എൽ.എ അറിയിച്ചു. എം.എൽ.എയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. സംരക്ഷണ ഭിത്തി പുനർനിർമ്മിക്കുന്നതിനായി 16 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് പൊതുമരാമത്ത് തയ്യാറാക്കിയിരിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ റോഡ് നവീകരണത്തോടൊപ്പം പൂർത്തിയാക്കുമെന്നും എം.എൽ.എ പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച രാത്രിയിലെ കനത്തമഴയിലാണ് റോഡിന്റെ സംരക്ഷണ ഭിത്ത വൻശബ്ദത്തോടെ തകർന്നത്. അമ്പലംപടി-വീട്ടൂർ റോഡിന്റെ ഭാഗമായ മുളവൂർ പ്രദേശത്ത് റോഡിന്റെ നവീകരണം നടന്ന് വരികയായിരുന്നു. റോഡിന്റെ സൈഡ് കോൺഗ്രീറ്റ് ചെയ്യുന്ന നിർമ്മാണപ്രവർത്തികളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് ശനിയാഴ്ച രാത്രി റോഡിന്റെ സംരക്ഷണ ഭിത്തി തകർന്നത്. വടമുക്ക് പാലത്തിന് സമീപം കഴിഞ്ഞ കാലവർഷത്തിലും റോഡ് തകർന്നിരുന്നു. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ സംരക്ഷണ ഭിത്തി പുനർ നിർമ്മിച്ചിരുന്നു. എൽദോ എബ്രഹാം എം.എൽ.എയോടൊപ്പം മുൻപഞ്ചായത്ത് മെമ്പർമാരായ യു.പി.വർക്കി, എം.വി.സുഭാഷ്, നേതാക്കളായ വി.എസ്.മുരളി, പി.വി.ജോയി, രാജു കാരിമറ്റം,പൊതുമരാമത്ത് ഉദ്യോഗസ്ഥർ എന്നിവർ ഉണ്ടായിരുന്നു.