കൊച്ചി : ഉത്രവധക്കേസിലെ ഒന്നാം പ്രതി സൂരജിന്റെ പിതാവും മൂന്നാം പ്രതിയുമായ സുരേന്ദ്രപണിക്കർ നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഉത്രയ്ക്ക് ആദ്യതവണ പാമ്പുകടിയേറ്റപ്പോൾ ഇവരുടെ സ്വർണാഭരണങ്ങൾ സൂരജ് പിതാവിനെ ഏൽപിച്ചിരുന്നു. ഇൗ ഘട്ടത്തിൽ ആഭരണങ്ങൾ തന്നെ ഏൽപിക്കുന്നത് എന്തിനാണെന്ന് ഒരു പിതാവെന്ന നിലയിൽ ചോദിക്കേണ്ടതായിരുന്നെന്നും ഇതുണ്ടായില്ലെന്നത് പ്രതിയുടെ പങ്ക് വ്യക്തമാക്കുന്നതാണെന്നും സിംഗിൾബെഞ്ച് അഭിപ്രായപ്പെട്ടു. ഇൗ ഘട്ടത്തിൽ കൂടുതൽ പറയുന്നില്ലെന്നും കോടതി വ്യക്തമാക്കി. പ്രതിക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. തുടർന്നാണ് ജാമ്യാപേക്ഷ തള്ളിയത്.
മേയ് ഏഴിനാണ് സൂരജിന്റെ ഭാര്യ ഉത്ര പാമ്പുകടിയേറ്റു മരിച്ചത്. ആദ്യതവണ പറക്കോട്ടെ വീട്ടിൽവച്ച് പാമ്പു കടിയേറ്റിരുന്നെങ്കിലും രക്ഷപെട്ടിരുന്നു. സമാനമായ രീതിയിൽ വീണ്ടും പാമ്പുകടിയേറ്റതിനെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്നതാണെന്ന് തെളിഞ്ഞത്. തുടർന്ന് സൂരജ് അറസ്റ്റിലായി. പിന്നീട് ജൂൺ ഒന്നിന് സുരേന്ദ്രപണിക്കരെ അറസ്റ്റുചെയ്തു.