vd-satheesan

പറവൂർ: സ്വർണ കള്ളക്കടത്ത് കേസിൽ വി.ഡി. സതീശൻ എം.എൽ.എയുടെ പേഴ്സണൽ സ്റ്റാഫ് ടി.എ. നവാസിനെ എൻ.ഐ.എ അറസ്റ്റ് ചെയ്തതായി സമൂഹ മാദ്ധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ പരാതി നൽകി. വി.ഡി. സതീശൻ എം.എൽ.എ ഡി.ജി.പിക്കും ടി.എ. നവാസ് ആലുവ റൂറൽ എസ്.പിക്കുമാണ് പരാതി നൽകിയത്. കോൺഗ്രസ് കരുമാല്ലൂർ ബ്ളോക്ക് ജനറൽ സെക്രട്ടറിയും സുഹൃത്തുമായ ടി.എ. നവാസ് തന്റെ പേഴ്സണൽ സ്റ്റാഫല്ല. സ്വർണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് സ്പീക്കർക്ക് നോട്ടീസ് നൽകിയതിന് പിന്നാലെയാണ് ഇത്തരം കള്ളപ്രചാരണങ്ങൾ വ്യാപകമായത്. വ്യാജ പ്രചാരണത്തിന് നേതൃത്വം നൽകുന്ന നാലുപേരിൽ ഒരാൾ സർക്കാർ ഉദ്യോഗസ്ഥനാണ്. ഇവർക്കെതിരെ ക്രിമിനൽ നടപടി ചട്ടവും ഐ.ടി ആക്ടും പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. തന്റെ ഗൃഹപ്രവേശനത്തിന് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ്‌ ചെന്നിത്തല വീട് സന്ദർശിച്ചപ്പോൾ കുടുംബത്തോടൊപ്പം എടുത്ത ചിത്രം ദുരുദ്ദേശപരമായി പ്രചരിപ്പിക്കുന്നതിനെതിരെയും നവാസ് പരാതി നൽകിയിട്ടുണ്ട്.