bike
മുടക്കുഴ കണ്ണംഞ്ചേരിമോളം ആനക്കല്ല് ജംഗ്ഷനിൽ വെള്ളിയാഴ്ച രാത്രിയിൽ ഉണ്ടായ ഗുണ്ടാ ആക്രമണത്തിൽ നാട്ടുകാരുടെ രണ്ട് ബൈക്കുകൾ തകർത്ത നിലയിൽ.

കുറുപ്പംപടി: മുടക്കുഴ ആനക്കൽ ജംഗ്ഷനിൽ വെള്ളിയാഴ്ച രാത്രി ഗുണ്ടാ ആക്രമണം നടന്നു. കാറിലെത്തിയ നാല് അംഗ സംഘം വടിവാളുമായി രാതി 9.30 ഓടെ നാട്ടുകാരുടെ രണ്ട് ബൈക്കുകൾ തകർത്തു. നാട്ടുകാരായ രണ്ടാൾക്ക് നിസാര പരിക്കേറ്റു. പൊലീസ് എത്തിയതോടെ സംഘം രക്ഷപ്പെട്ടു. വെള്ളിയാഴ്ച്ച ഉച്ചക്ക് തുരുത്തിയിലുണ്ടായ ആക്രമണത്തിന് പിന്നാലെ ഗുണ്ടാ സംഘം ഇവിടെ എത്തിയത്. സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയിൽ നാടൻ ബോംബെറിഞ്ഞാണ് തുരുത്തിയിൽ ആക്രമണം നടത്തിയത്. നേരത്തെ നടന്ന കത്തികുത്ത് പ്രശ്‌നം പരിഹരിക്കാൻ ഇരു കൂട്ടരുമെത്തിയപ്പോഴാണ് സംഭവം. തുരുത്തിയിലെ സംഭവത്തിൽ അമൽ എന്നയാൾക്ക് പരിക്കേറ്റു. അമലിന്റെ സുഹൃത്തിനെ അന്വേക്ഷിച്ചാണ് ഗുണ്ടാ സംഘം ആനക്കല്ലിൽ എത്തിയത്. കഴിഞ്ഞ 12 നു കൊമ്പനാട് പുതുമന ലക്ഷം വീട് കോളനിയിൽ രാത്രി 8.30 നാണ് മുൻ വൈരാഗ്യത്തെ തുടർന്ന് കത്തികുത്ത് നടന്നത്. ഇതിന് ഒത്താശ ചെയ്തത് അമലാണെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് പ്രശ്‌നം പറഞ്ഞു തീർക്കാനെന്ന വ്യാജേന അമലിനെ വിളിച്ചു വരുത്തി നാടൻ ബോംബ് എറിയുകയായിരുന്നു. ഭയന്നോടിയ അമലിനെയും അതുൽ എന്ന മറ്റോരാളെയും പൊലീസെത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പൊലീസ് അന്വേഷണം ഊർജിതമാക്കി.