പറവൂർ: ചേന്ദമംഗലം പഞ്ചായത്തിലെ കോട്ടയിൽ കോവിലകത്ത് പെരിയാറിൽ നിന്നുള്ള കൊരക്കരത്തോടിന്റെ ആരംഭത്തിലുള്ള അനധികൃത നിർമ്മാണം പഞ്ചായത്ത് പൊളിച്ചു നീക്കി. തോടിന്റെ ആരംഭത്തിൽ നൂറ് മീറ്ററോളം കല്ലും മണ്ണും നിറച്ച് മൂടിയതിനു ശേഷം കുറുകെ മതിൽ നിർമ്മിച്ചിരുന്നു. ഇരുപത് വർഷത്തിന് മുമ്പായി സ്വകാര്യ വ്യക്തി നടത്തിയ നികത്തലും നിർമ്മാണവുമാണ് പൊളിച്ചത്. ചേന്ദമംഗലം പഞ്ചായത്തിന്റെ കിഴക്കേ അതിർത്തി പങ്കിടുന്ന കൊരക്കരത്തോട് ചേന്ദമംഗലം പഞ്ചായത്തിലെ അഞ്ച് വാർഡുകളിലൂടെ ഒഴുകി ചിറ്റാറ്റുകര പഞ്ചായത്തിന്റെ അതിർത്തിയായ തച്ചപ്പിള്ളിത്തോടിലാണ് അവസാനിക്കുന്നത്. തൊടിൽ അനധികൃത നിർമ്മാണം മൂലം കിഴക്കുംപുറം, തെക്കുംപുറം, മനക്കോടം ഭാഗങ്ങളിഷ വെള്ളക്കെട്ടിന് ഇടയാക്കിയിരുന്നു. ഗ്രാമപഞ്ചായത്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്ന മഴയെത്തും മുമ്പേ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നടപടി. തോടുകളുടെ ആഴം കൂട്ടലും അനധികൃത നിർമ്മാണങ്ങൾ നീക്കം ചെയ്തതിലൂടെ വലിയ ഒരളവോളം വെള്ളക്കെട്ടു ഒഴിവാക്കാൻ സാധിച്ചുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. അനൂപ് പറഞ്ഞു.