കൊച്ചി: അമ്മയുടെ കരൾമാറ്റ ചികിത്സാ സഹായമായി ലഭിച്ച ഒരു കോടിയിലേറെ രൂപയുടെ പങ്ക് ആവശ്യപ്പെട്ട് സന്നദ്ധ പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നെന്ന പെൺകുട്ടിയുടെ പരാതിയിൽ ഹവാല, കുഴൽപ്പണ ഇടപാടുകൾ ഇല്ലെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ, ചില അക്കൗണ്ടുകളിൽ നിന്നാണ് വലിയതുക വന്നത്. ഈ അക്കൗണ്ടുകൾ വിദേശത്തുള്ളവരുടേതാണോ എന്നെല്ലാം അന്വേഷിക്കുന്നുണ്ട്.
കണ്ണൂർ തളിപ്പറമ്പ് സ്വദേശി വർഷയുടെ പരാതിയിൽ ചേരാനല്ലൂർ പൊലീസ് നാലു പേർക്കെതിരെ കേസെടുത്തിരുന്നു. സോഷ്യൽ മീഡിയയിലൂടെ സാമൂഹിക സന്നദ്ധ പ്രവർത്തനം നടത്തുന്ന ഫിറോസ് കുന്നുംപറമ്പിൽ, സാജൻ കേച്ചേരി, സലാം, ഷാഹിദ് എന്നിവർക്കെതിരെയാണ് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതിനും സമൂഹമാദ്ധ്യമങ്ങളിലൂടെ അപമാനിച്ചതിനും കേസെടുത്തത്.
സമൂഹമാദ്ധ്യമം വഴി സഹായാഭ്യർത്ഥന നടത്തിയതിനു പിന്നാലെ കുറഞ്ഞ സമയത്തിനുള്ളിൽ ഒരു കോടിക്ക് മേൽ തുക അക്കൗണ്ടിൽ വന്നതിന് പിന്നിൽ നിയമവിരുദ്ധ പണമിടപാട് സംഘങ്ങളുണ്ടോ എന്ന സംശയത്തിലായിരുന്നു പൊലീസ്. നിലവിൽ ഹവാല ഇടപാടിന് തെളിവില്ല. ഫിറോസിന്റെ മൊഴി രേഖപ്പെടുത്താനുണ്ട്. ഫിറോസും കൂട്ടരും മുമ്പ് സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ നടത്തിയ ചാരിറ്റി പ്രവർത്തനങ്ങൾക്ക് പണമെവിടെ നിന്നു വന്നെന്നും അന്വേഷിക്കും.
അമൃത ആശുപത്രിയിൽ അമ്മ രാധയുടെ ചികിത്സയുമായി ബന്ധപ്പെട്ടെത്തിയ വർഷ ജൂൺ 24നാണ് ശസ്ത്രക്രിയയ്ക്ക് സഹായം അഭ്യർത്ഥിച്ച് ഫേസ്ബുക്ക് ലൈവിൽ എത്തുന്നത്. സാജൻ കേച്ചേരി തന്റെ ഫേസ്ബുക്ക് പേജിലൂടെയും വർഷയ്ക്കുവേണ്ടി പണം അഭ്യർത്ഥിച്ചിരുന്നു. കൂടുതൽ പണം അക്കൗണ്ടിലേക്ക് വന്നപ്പോൾ ജോയിന്റ് അക്കൗണ്ട് ആക്കണമെന്നും മറ്റു ചില രോഗികൾക്ക് ചികിത്സയ്ക്കായി പണം നൽകണമെന്നും ഈ സംഘം നിരന്തരം ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് വർഷയുടെ പരാതി. സോഷ്യൽ മീഡിയയിലൂടെ അപമാനിക്കാനും ശ്രമിച്ചു. ഇക്കാര്യങ്ങളെല്ലാം പറഞ്ഞ് വർഷയുടെ രണ്ടാമത്തെ ഫേസ്ബുക്ക് ലൈവ് ശ്രദ്ധയിൽപ്പെട്ട മന്ത്രി കെ.കെ. ശൈലജയുടെ നിർദേശപ്രകാരം എറണാകുളം ഡി.സി.പി പൂങ്കുഴലി സംഭവത്തിൽ ഇടപെടുകയും തുടർന്ന് കേസെടുക്കുകയുമായിരുന്നു.
പിരിവ് സംഘങ്ങൾ സജീവം
സന്നദ്ധ പ്രവർത്തകരെന്ന പേരിൽ പണം തട്ടുന്ന സംഘങ്ങൾ ആശുപത്രികൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന ആരോപണം ശക്തമാണ്. ചികിത്സാ സഹായം അഭ്യർത്ഥിച്ച് വീഡിയോകൾ ഇവർ തന്നെ പോസ്റ്റ് ചെയ്യിക്കും. കിട്ടുന്ന പണത്തിന്റെ നിശ്ചിത ശതമാനം കൈക്കലാക്കും.