covid
ആലുവ മുനിസ്സിപ്പൽ ടൗൺഹാളിൽ നഗരസഭ ആരംഭിക്കുന്ന കൊവിഡ് എഫ്.എൽ.ടി.സി അൻവർ സാദത്ത് എം.എൽ.എ യുടെ നേതൃത്വത്തിൽ സജ്ജീകരിക്കുന്നു

ആലുവ: ജില്ലാ ഭരണകൂടം സ്ഥലം സന്ദർശിച്ച് 24 മണിക്കൂറിനകം ആലുവ മുനിസിപ്പൽ ടൗൺഹാൾ കൊവിഡ് ഫസ്റ്റ് ലെയിൻ ട്രീറ്റ്‌മെന്റ് സെന്ററാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കി ആലുവ നഗരസഭ. 50 കട്ടിൽ, കിടക്കകൾ, തലയിണ, പുതപ്പ് എന്നിവയാണ് എത്തിച്ചത്.

ഡോക്ടേഴ്‌സ് ക്യാമ്പിൻ ഉൾപ്പടെ ആവശ്യമുള്ളവ സജ്ജീകരീകരിക്കും. എപ്പോൾ വേണമെങ്കിലും എഫ്.എൽ.ടി.സി പ്രവർത്തനം ആരംഭിക്കേണ്ടിവരുമെന്ന ജില്ലാ കളക്ടറുടെ നിർദ്ദേശത്തെ തുടർന്നാണ് അടിയന്തരമായി സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയതെന്ന് ചെയർപേഴ്‌സൺ ലിസി എബ്രഹാം പറഞ്ഞു. ടൗൺ ഹാൾ കൂടാതെ യു.സി കോളേജ് ടാഗോർ ഹാളും എഫ്.എൽ.ടി.സിക്കായുള്ള സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. രണ്ടിടത്തുമായി തുടക്കത്തിൽ 100 പേരെ കിടത്തി ചികിത്സിക്കാനുളള സൗകര്യമുണ്ടാകും. അവശ്യം വന്നാൽ കൂടുതൽ കിടക്കകൾ സജ്ജീകരിക്കും.

ടൗൺഹാളിലെ എഫ്.എൽ.ടി.സിക്കായുള്ള സജ്ജീകരണങ്ങൾ അൻവർ സാദത്ത് എം.എൽ.എയുടെ നേത്യത്വത്തിൽ സന്ദർശിച്ചു. ചെയർപേഴ്‌സൺ ലിസി എബ്രഹാം, സ്ഥിരം സമിതി അദ്ധ്യക്ഷൻ ജെറോം മൈക്കിൾ, പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ, ഡോ: അനൂപ്, ഹെൽത്ത് ഇൻസ്‌പെക്ടർ മധുസൂധന പിള്ള, ജെ.എച്ച്.ഐ മാരായ എം.ഐ. സിറാജ് , അഖിൽ ജിഷ്ണു എന്നിവരും സന്നധരായി.